കോഴിക്കോട്– പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂം അനധികൃതമായി തുറന്നെന്ന ആരോപണവുമായി യുഡിഎഫ് രംഗത്ത്. സംഭവത്തിൽ വരണാധികാരിക്ക് പരാതി നൽകിയ യുഡിഎഫ് പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിച്ചു. എന്നാൽ, വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂമല്ല തുറന്നതെന്നും മറ്റ് തിരഞ്ഞെടുപ്പ് സാമഗ്രികൾ സൂക്ഷിക്കുന്ന മെറ്റീരിയൽ റൂമാണ് തുറന്നതെന്നും അധികൃതർ വിശദീകരിച്ചു.
തിരഞ്ഞെടുപ്പ് സാമഗ്രികൾ തിരികെ വെക്കുന്നതിന്റെ ഭാഗമായാണ് റൂം തുറന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെ അറിയിക്കാതെയും റൂം തുറന്നത് ദുരൂഹമാണെന്ന് യുഡിഎഫ് ആരോപിക്കുന്നു. സംഭവത്തിൽ കർശന നടപടി വേണമെന്നും വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രദേശത്ത് ഇപ്പോഴും രാഷ്ട്രീയ പ്രവർത്തകരുടെ പ്രതിഷേധം തുടരുകയാണ്.



