ബ്രസ്സല്‍സ് – ഫലസ്തീനികൾക്കെതിരായ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ മുൻനിർത്തി ഇസ്രായേലുമായുള്ള അസോസിയേഷൻ കരാർ യൂറോപ്യൻ യൂണിയൻ (EU) താൽക്കാലികമായി നിർത്തിവെക്കണമെന്ന് മുന്നൂറ്റിയമ്പതോളം മുൻ യൂറോപ്യൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. മന്ത്രിമാർ, അംബാസഡർമാർ, വിവിധ ഇ.യു. സ്ഥാപനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ഒപ്പിട്ട തുറന്ന കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ തുടരുന്ന നിയമവിരുദ്ധമായ അധിനിവേശം, വർധിച്ചുവരുന്ന കുടിയേറ്റ പ്രവർത്തനങ്ങൾ, ഗാസയിലെ വിനാശകരമായ മാനുഷിക സാഹചര്യം എന്നിവ കത്തിൽ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. ഒരു അധിനിവേശ ശക്തി എന്ന നിലയിൽ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാനുള്ള നിയമപരവും ധാർമ്മികവുമായ ഉത്തരവാദിത്തം ഇസ്രായേൽ ലംഘിക്കുകയാണെന്ന് ഇവർ കുറ്റപ്പെടുത്തുന്നു.
യൂറോപ്യൻ യൂണിയന്റെ മുൻ വിദേശകാര്യ മേധാവി ജോസഫ് ബോറെൽ ഉൾപ്പെടെയുള്ള പ്രമുഖർ ഒപ്പിട്ട ഈ കത്തിൽ, ഇസ്രായേൽ സർക്കാർ ഇ.യു.വിന്റെ അടിസ്ഥാന തത്വങ്ങളെ കാറ്റിൽ പറത്തുകയാണെന്ന് വ്യക്തമാക്കുന്നു. ഇരുപക്ഷവും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ആധാരശില മനുഷ്യാവകാശങ്ങളും ജനാധിപത്യ തത്വങ്ങളുമാണെന്ന് 1995-ൽ ഒപ്പിട്ട അസോസിയേഷൻ കരാറിലെ രണ്ടാം വകുപ്പിൽ കൃത്യമായി പറയുന്നുണ്ട്. എന്നാൽ നിലവിലെ ഇസ്രായേൽ നടപടികൾ ഈ കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. ഇസ്രായേലിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ യൂറോപ്യൻ യൂണിയനുമായുള്ള ബന്ധത്തെ നിയന്ത്രിക്കുന്ന നിയമപരമായ ചട്ടക്കൂടാണ് ഈ കരാർ.
മിഡിൽ ഈസ്റ്റിൽ സംഘർഷം വർധിക്കുകയും അന്താരാഷ്ട്ര നിയമങ്ങൾ വ്യാപകമായി ലംഘിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇസ്രായേലിനെതിരെ ശക്തമായ നടപടി വേണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ഇസ്രായേലിനെതിരെയുള്ള നടപടികളുടെ കാര്യത്തിൽ യൂറോപ്യൻ യൂണിയൻ ഇതുവരെ കാണിച്ച നിഷ്ക്രിയത്വം ഇരട്ടത്താപ്പാണെന്നും ഇവർ വിമർശിക്കുന്നു. മുൻപ് സമാനമായ ആവശ്യങ്ങൾ യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും അംഗരാജ്യങ്ങൾക്കിടയിലുള്ള ഭിന്നത കാരണം അവ അവഗണിക്കപ്പെടുകയായിരുന്നു. എന്നാൽ ഫലസ്തീനിലെ മാറുന്ന സാഹചര്യങ്ങൾ പരിഗണിച്ച് ഇസ്രായേലുമായുള്ള ബന്ധം പുനഃപരിശോധിക്കണമെന്ന സമ്മർദ്ദം ഇപ്പോൾ യൂറോപ്പിൽ ശക്തമായിരിക്കുകയാണ്.



