തെല്‍അവീവ് – തെക്കന്‍ ലെബനോനില്‍ നടന്ന രൂക്ഷമായ ഏറ്റുമുട്ടലിനിടെ പിടികൂടിയ മൂന്ന് ഹിസ്ബുല്ല പോരാളികളെ ഇസ്രായിലിലേക്ക് മാറ്റിയ ശേഷം ചോദ്യം ചെയ്യുന്നതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഇന്നലെ, ഗിവതി ബ്രിഗേഡ് സേന ബിന്‍ത് ജബെയിലില്‍ റദ്‌വാന്‍ ഫോഴ്സിലെ ഒരു അംഗം ഉള്‍പ്പെടെയുള്ള ഹിസ്ബുല്ല സംഘവുമായി വളരെ അടുത്തുനിന്ന് ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ടതായി ഇസ്രായില്‍ സൈനിക വക്താവ് അവിചായ് അഡ്രഇ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. പോരാട്ടത്തിനൊടുവില്‍, മൂന്ന് ഭീകരര്‍ ആയുധങ്ങള്‍ താഴെയിട്ട് സൈന്യത്തിന് മുന്നില്‍ കീഴടങ്ങി. തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിനായി അവരെ ഇസ്രായിലിലേക്ക് മാറ്റുകയായിരുന്നെന്ന് അവിചായ് അഡ്രഇ കൂട്ടിച്ചേര്‍ത്തു.
ഇസ്രായില്‍ സൈന്യം ഇപ്പോള്‍ ബിന്‍ത് ജബെയില്‍ ഗ്രാമം പൂര്‍ണ്ണമായും വളഞ്ഞിരിക്കുന്നതായി സൈന്യം പറഞ്ഞു. ഇത് തെക്കന്‍ ലെബനോനില്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായിലിന്റെ കര ആക്രമണത്തില്‍ ഗണ്യമായ മുന്നേറ്റം കാണിക്കുന്നു.



