അബുദാബി– അബുദാബിയിൽ തകർന്ന മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ ഈജിപ്ഷ്യൻ എഞ്ചിനീയർ കൊല്ലപ്പെട്ടു. പെട്രോജെറ്റ് കമ്പനിയുടെ യുഎഇ വിഭാഗം അസിസ്റ്റന്റ് ജനറൽ മാനേജർ ഹൊസ്സാം സാദിഖ് ഖലീഫയാണ് കൊല്ലപ്പെട്ടത്. യുഎഇ പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ മിസൈലുകൾ തകർക്കുന്നതിനിടെ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ പ്ലാന്റിലെ തീപിടിത്തുമാണ് മരണകാരണം. ഹൊസ്സാം സാദിഖിന്റെ നിര്യാണത്തിൽ ഈജിപ്ഷ്യൻ പെട്രോളിയം മന്ത്രി കരീം ബദവി അനുശോചനം രേഖപ്പെടുത്തി.
പുലർച്ചെയുണ്ടായ സംഭവത്തിൽ രണ്ട് ഈജിപ്ഷ്യൻ സ്വദേശികൾക്കും രണ്ട് പാക്കിസ്ഥാനികൾക്കും പരുക്കേറ്റിട്ടുണ്ട്. ഇവർക്ക് പ്രാഥമിക ചികിത്സ നൽകിയശേഷം ആശുപത്രിയിൽ നിന്ന് വിട്ടയച്ചു. പ്ലാന്റിലെ രണ്ട് പ്രധാന ഭാഗങ്ങളിലാണ് തീപിടിത്തമുണ്ടായതെന്നും അഗ്നിശമനസേനയും സുരക്ഷാ വിഭാഗവും ഉടൻ സംഭവസ്ഥലത്തെത്തി നിയന്ത്രണവിധേയമാക്കിയെങ്കിലും പ്ലാന്റിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് അബുദാബി മീഡിയ ഓഫീസ് വ്യക്തമാക്കി.



