മദീന – അല്മതാര് ഡിസ്ട്രിക്ടില് സൗദി കുടുംബത്തിന്റെ അപാര്ട്ട്മെന്റിലെ കിടപ്പുമുറിയില് വൈദ്യുത ഷോര്ട്ട് സര്ക്യൂട്ട് മൂലമുണ്ടായ തീപിടുത്തത്തില് മൂന്ന് കുട്ടികള് ദാരുണമായി മരിക്കുകയും 14 വയസ്സുള്ള സഹോദരിക്ക് പരിക്കേല്ക്കുകയും ചെയ്തു. ദാന (14), സിയാദ് (11), ദീം (5), അബ്ദുല് അസീസ് (2) എന്നീ കുട്ടികള് തങ്ങളുടെ കിടപ്പുമുറിയില് ഉറങ്ങുന്നതിനിടെ രാത്രി 9:00 മണിക്കാണ് മുറിയില് തീ പടര്ന്നുപിടിച്ചതെന്ന് കുട്ടികളുടെ അമ്മാവനായ അഹ്മദ് ഹമദ് അല്അസീസി പറഞ്ഞു. ഈ സമയത്ത് കുട്ടികളുടെ മാതാപിതാക്കള് ക്ലിനിക്കിലേക്ക് പോയിരുന്നു.
അപ്പാര്ട്ട്മെന്റിനുള്ളില് നിന്ന് പുക ഉയരുന്നത് അയല്ക്കാരുടെ ശ്രദ്ധയില് പെടുകയും അവര് സിവില് ഡിഫന്സിനെ അറിയിക്കുകയുമായിരുന്നു. സിവില് ഡിഫന്സ് അധികൃതര് രക്ഷാപ്രവര്ത്തനം നടത്തി അബ്ദുല് അസീസിനെയും സിയാദിനെയും റെഡ് ക്രസന്റ് ആംബുലന്സുകളില് മദീനയിലെ ചില്ഡ്രന്സ് ആശുപത്രിയിലേക്ക് നീക്കി. എന്നാല് ആശുപത്രിയിലെത്തിയപ്പോഴേക്കും ഇവരും അന്ത്യശ്വാസംവലിച്ചിരുന്നു.
മസ്ജിദുന്നബവിയില് വെച്ച് മയ്യിത്ത് നമസ്കാരം നടത്തി മയ്യിത്തുകള് ബഖീഅ് അല്ഗര്ഖദ് ഖബര്സ്ഥാനില് മറവു ചെയ്തു. ദാനയെയും ദീമിനെയും നാഷണല് ഗാര്ഡ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ദീം ഇവിടെ വെച്ച് മരണപ്പെട്ടു. പ്രവാചക പള്ളിയില് ദുഹ്ര് നമസ്കാരത്തിനു ശേഷം മയ്യിത്ത് നമസ്കാരം പൂര്ത്തിയാക്കി ബഖീഅ് അല്ഗര്ഖദില് ദീമിനെയും ഖബറടക്കി. ദാന ഇപ്പോഴും ആശുപത്രിയില് ചികിത്സയില് കഴിയുന്നതായും അഹ്മദ് ഹമദ് അല്അസീസി പറഞ്ഞു.







