കോഴിക്കോട്– വടകര ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് വലിയ വിവാദമായ ‘കാഫിർ’ സ്ക്രീൻഷോട്ട് കേസ്, പ്രതികളെ കണ്ടെത്താനായില്ലെന്ന കാരണത്താൽ വടകര പോലീസ് അവസാനിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ വിദ്വേഷം പടർത്തുന്ന രീതിയിലാണ് ഈ സ്‌ക്രീൻഷോട്ട് വ്യാപകമായി പ്രചരിപ്പിച്ചത്. എന്നാൽ, പോസ്റ്റ് ആദ്യം പങ്കുവെച്ചവരെന്ന് പോലീസ് കണ്ടെത്തിയ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ അടക്കമുള്ളവരുടെ ഫോൺ പരിശോധനാ ഫലങ്ങൾ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ അന്വേഷണം അവസാനിപ്പിച്ചിരിക്കുന്നത്.
പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് അനുസരിച്ച്, വിദ്വേഷ പോസ്റ്റ് ആദ്യം പ്രത്യക്ഷപ്പെട്ടത് ഇടത് സൈബർ ഗ്രൂപ്പുകളിലാണ്. 2024 ഏപ്രിൽ 25-ന് ഉച്ചയ്ക്ക് 2:13-ന് ‘റെഡ് എൻകൗണ്ടർ’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റായ റിബേഷ് രാമകൃഷ്ണനാണ് ഇത് ആദ്യം പോസ്റ്റ് ചെയ്തത്. പിന്നീട് ‘റെഡ് ബറ്റാലിയൻ’ എന്ന ഗ്രൂപ്പിൽ അമൽ റാം എന്ന വ്യക്തിയും, തുടർന്ന് ‘അമ്പാടിമുക്ക് സഖാക്കൾ’ എന്ന ഫേസ്ബുക്ക് പേജിലും ഈ ചിത്രം ഷെയർ ചെയ്യപ്പെട്ടു. എന്നാൽ ഈ സ്‌ക്രീൻഷോട്ട് തനിക്ക് എവിടെ നിന്ന് ലഭിച്ചു എന്ന കാര്യം വെളിപ്പെടുത്താൻ റിബേഷ് തയ്യാറായിട്ടില്ലെന്ന് പോലീസ് പറയുന്നു.
അന്വേഷണം അവസാനിപ്പിച്ച നടപടിക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് മുഹമ്മദ് കാസിം വ്യക്തമാക്കി. നിരപരാധിയായിട്ടും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടതിനാൽ പാസ്‌പോർട്ട് പുതുക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. കാസിമിന്റെ ഫോൺ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. കേസിലെ യഥാർത്ഥ പ്രതികളെ കണ്ടെത്തണമെന്നും അന്വേഷണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി കോടതിയെ വീണ്ടും സമീപിക്കുമെന്നും കാസിം അറിയിച്ചു. നേരത്തെ, അന്വേഷണത്തിൽ പരാതിയുണ്ടെങ്കിൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.



