വിൽനിയസ്– അന്തരിച്ച കുപ്രസിദ്ധ അമേരിക്കൻ ലൈംഗിക കുറ്റവാളി ജെഫ്രി എഡ്വേർഡ് എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മനുഷ്യക്കടത്ത് കേസിൽ അമേരിക്കയുടെ നിയമസഹായം തേടി ലിത്വാനിയ. കേസിൻ്റെ അന്വേഷണത്തിൽ സഹകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉടൻ തന്നെ അമേരിക്കയ്ക്ക് ഔദ്യോഗിക അപേക്ഷ നൽകുമെന്ന് ലിത്വാനിയൻ പ്രോസിക്യൂട്ടർ ജനറൽ വിറ്റ ഗ്രുൻസ്‌കീൻ വ്യാഴാഴ്ച അറിയിച്ചു. ലിത്വാനിയയിലെ സിനിയു റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രോസിക്യൂട്ടർ ജനറൽ ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കയ്ക്ക് നിയമസഹായത്തിനുള്ള അപേക്ഷ അയക്കാൻ ഞങ്ങൾ തയ്യാറെടുക്കുകയാണെന്ന് അവർ പറഞ്ഞു. ഇതുവരെ കേസിൻ്റെ ഭാഗമായി ഇരുപതോളം പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ നിലവിൽ ആർക്കെതിരെയും കുറ്റം ചുമത്തിയിട്ടില്ല. മനുഷ്യക്കടത്തിന് ഇരയായവർ ആരെങ്കിലുമുണ്ടെങ്കിൽ അവർ അധികൃതർക്ക് മുന്നിൽ വരാൻ ഗ്രുൻസ്‌കീൻ ആഹ്വാനം ചെയ്തു.
എപ്സ്റ്റീനുമായി ലോകമെമ്പാടുമുള്ള ശൃംഖലയുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് ലിത്വാനിയൻ അധികൃതരുടെ നീക്കം. വർഷങ്ങൾക്ക് മുമ്പ് ലോകത്തെ ഞെട്ടിച്ച ലൈംഗിക പീഡന പരമ്പരകളുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിൽ ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ട്. ലിത്വാനിയയിലെ അന്വേഷണവും ഇതിൻ്റെ ഭാഗമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.



