വാഷിംഗ്ടണ്‍ – ഹുര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കിലും വെടിനിര്‍ത്തല്‍ കരാറിലെത്തിയില്ലങ്കിലും ഇറാനിലെ വൈദ്യുതി നിലയങ്ങളും എണ്ണക്കിണറുകളും ഖാര്‍ഗ് ദ്വീപും തകര്‍ക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കി. ഹുര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്നും വെടിനിര്‍ത്തല്‍ കരാറിലെത്തണമെന്നും ആവശ്യപ്പെട്ടാണ് ട്രംപ് ഇന്ന് ഇറാന് മുതിയ മുന്നറിയിപ്പ് നല്‍കിയത്. ഇറാനുമായുള്ള ചര്‍ച്ചകളില്‍ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. പക്ഷേ ഏതെങ്കിലും കാരണത്താല്‍, ഒരു കരാറില്‍ ഉടന്‍ എത്തിയില്ലെങ്കില്‍, അത് അങ്ങിനെയാകാനാണ് സാധ്യത, ഹുര്‍മുസ് കടലിടുക്ക് ഉടനടി തുറന്നില്ലെങ്കില്‍, ഇറാനിലെ എല്ലാ വൈദ്യുതി നിലയങ്ങളും എണ്ണക്കിണറുകളും ഖാര്‍ഗ് ദ്വീപും തകര്‍ത്ത് പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ട്രംപ് എഴുതി.
മുന്‍ ഇറാന്‍ ഭരണകൂടം 47 വര്‍ഷത്തെ ഭീകരതയില്‍ കൊലപ്പെടുത്തിയ നമ്മുടെ സൈനികര്‍ക്കും മറ്റുള്ളവര്‍ക്കും ഇത് പ്രതികാരമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാന്‍ യു.എസ് ആവശ്യങ്ങള്‍ പാലിക്കണം. അല്ലെങ്കില്‍ അവര്‍ക്ക് രാജ്യം ഉണ്ടാകില്ല. അവര്‍ ഞങ്ങള്‍ക്ക് ആണവ ശേഖരം നല്‍കുമെന്നും, ഇറാന്റെ പക്കലുള്ള യുറേനിയത്തെ പരാമര്‍ശിച്ചുകൊണ്ട് യു.എസ് പ്രസിഡന്റ് ഞായറാഴ്ച വൈകുന്നേരം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
ഇറാനിലുള്ള ഏകദേശം 1,000 പൗണ്ട് (450 കിലോഗ്രാം) യുറേനിയം പുറത്തെടുത്ത് കൈവശപ്പെടുത്താനുള്ള സങ്കീര്‍ണ്ണമായ സൈനിക നടപടി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരിഗണിക്കുന്നുണ്ടെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ ചൂണ്ടികാണിച്ചു. ഇത് വളരെ അപകടകരമായ ഒരു നീക്കമായിരിക്കും. ഇതിന് യു.എസ് സൈനികര്‍ ദിവസങ്ങളോളം ഇറാന്‍ മണ്ണില്‍ തുടരേണ്ടി വന്നേക്കാമെന്നും യു.എസ് ഉദ്യോഗസ്ഥര്‍ കൂട്ടിചേർത്തു. ഇക്കാര്യത്തില്‍ ട്രംപ് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും യു.എസ് സൈനികര്‍ നേരിടാനിടയുള്ള അപകടസാധ്യതകള്‍ പരിശോധിക്കുന്നുണ്ടെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ പറഞ്ഞു. എന്നിരുന്നാലും, ഇറാന്‍ ആണവായുധം സ്വന്തമാക്കുന്നത് തടയുക എന്ന തന്റെ പ്രാഥമിക ലക്ഷ്യം കൈവരിക്കാന്‍ ഇത് സഹായിക്കുമെന്നതിനാല്‍, പ്രസിഡന്റിന് പൊതുവെ ഈ ആശയത്തോട് തുറന്ന മനസ്സാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.



