അബുദാബി– ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്ക് ശാശ്വതമായ രാഷ്ട്രീയ പരിഹാരം കാണണമെങ്കിൽ കൃത്യമായ ഉപാധികൾ പാലിക്കണമെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്. ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ആവർത്തിച്ചുള്ള പ്രകോപനങ്ങൾ അവസാനിപ്പിക്കാൻ വ്യക്തമായ സുരക്ഷാ ഗ്യാരണ്ടികളും തകർത്ത അടിസ്ഥാന സൗകര്യങ്ങൾക്ക് അർഹമായ നഷ്ടപരിഹാരവും ഉറപ്പാക്കണമെന്ന് യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് വ്യക്തമാക്കി.
ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ നീക്കങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം എക്‌സിലൂടെ അറിയിച്ചു. ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ അന്താരാഷ്ട്ര തലത്തിൽ ‘ആക്രമണമില്ലായ്മാ തത്വത്തിന്’അടിവരയിടണം. സിവിലിയന്മാരെയും സുപ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കാനാവില്ലെന്നും, ഇത്തരം സംഭവങ്ങളിലുണ്ടാകുന്ന കനത്ത ആഘാതങ്ങൾക്ക് ഇറാൻ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്ര ചർച്ചകൾ അനിവാര്യമാണെങ്കിലും, രാജ്യങ്ങളുടെ പരമാധികാരവും സുരക്ഷയും മുൻനിർത്തിയുള്ള കർശന വ്യവസ്ഥകൾ ഈ ചർച്ചകളുടെ ഭാഗമാകണമെന്നാണ് യു.എ.ഇയുടെ നിലപാട്.



