തെഹ്റാന്‍ – മാര്‍ച്ച് ഒന്നിന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍-ഇന്‍-ചീഫ് ആയി നിയമിതനായ ജനറല്‍ അഹ്‌മദ് വഹീദി ഇസ്രായിലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഓണ്‍ലൈനില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നു. വഹീദിയുടെ മരണം സ്ഥിരീകരിച്ചുകൊണ്ട് ഇറാന്‍, അമേരിക്കന്‍, ഇസ്രായില്‍ അധികൃതര്‍ ഇതുവരെ ഒരു ഔദ്യോഗിക പ്രസ്താവനയും പുറപ്പെടുവിച്ചിട്ടില്ല. അതേസമയം, ഇറാനെതിരായ ആക്രമണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും ഇറാന്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും ഇസ്രായിലി പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് ഭീഷണി മുഴക്കി.
ഇറാനെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുകയും വികസിക്കുകയും ചെയ്യും. ഇസ്രായിലിനെരായ ആക്രമണങ്ങള്‍ക്ക് ആയുധങ്ങള്‍ നിര്‍മ്മിക്കാനും വിക്ഷേപിക്കാനും സഹായിക്കുന്ന ലക്ഷ്യങ്ങള്‍ ഉള്‍പ്പെടെ ഇസ്രായില്‍ ആക്രമിക്കും. ഇസ്രായില്‍ സിവിലിയന്മാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിന് ഇറാന്‍ കനത്ത വില നല്‍കേണ്ടിവരും. ഇസ്രായിലിനെതിരായ ആക്രമണങ്ങളില്‍ പങ്കുള്ള, ശേഷിക്കുന്ന മുഴുവന്‍ ഇറാന്‍ നേതാക്കളെയും ഇസ്രായില്‍ ഇല്ലാതാക്കുമെന്നും പതിരോധ മന്ത്രി പറഞ്ഞു.
ഇന്ന് രാവിലെ ഇറാനെതിരെ ഇസ്രായില്‍ ശക്തമായ വ്യോമാക്രമണം നടത്തി. തെഹ്റാന്റെ ഹൃദയഭാഗത്തുള്ള ലക്ഷ്യങ്ങളും ഇറാന്‍ ബാലിസ്റ്റിക് മിസൈലുകളും മറ്റ് ആയുധങ്ങളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സ്ഥലങ്ങളും പടിഞ്ഞാറന്‍ ഇറാനിലെ മിസൈല്‍ ലോഞ്ച് പാഡുകളും ആയുധ സംഭരണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായില്‍ സൈന്യം വ്യക്തമാക്കി. തലസ്ഥാനമായ തെഹ്റാന്‍ ഉള്‍പ്പെടെ ഇറാനിലെ നിരവധി സ്ഥലങ്ങളിലും ആക്രമണങ്ങള്‍ നടത്തി. ഇസ്രായിലിനെതിരായ ഇറാന്‍ ആക്രമണങ്ങള്‍ തടയുക എന്നതാണ് ഈ ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു.







