കുവൈത്ത് സിറ്റി – കുവൈത്തിൽ രാഷ്ട്ര നേതാക്കളെ വധിക്കാനായി തയ്യാറാക്കിയ ഭീകരാക്രമണ പദ്ധതി ആഭ്യന്തര മന്ത്രാലയവും ദേശീയ സുരക്ഷാ ഏജൻസിയും ചേർന്ന് പരാജയപ്പെടുത്തി. സൂക്ഷ്മമായ നിരീക്ഷണത്തിലൂടെയാണ് ഹിസ്ബുല്ലയുമായി ബന്ധമുള്ള ഈ ആക്രമണ നീക്കം കണ്ടെത്തിയത്. അഞ്ച് കുവൈത്ത് പൗരന്മാരും പൗരത്വം റദ്ദാക്കപ്പെട്ട ഒരാളും ഉൾപ്പെടെ ആറംഗ സംഘത്തെ സുരക്ഷാ സേന ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്ക് പുറമെ വിദേശത്തേക്ക് രക്ഷപ്പെട്ട 14 ഭീകരരെ കൂടി അധികൃതർ തിരിച്ചറിഞ്ഞു. ഇതിൽ അഞ്ച് കുവൈത്തികളും പൗരത്വം റദ്ദാക്കപ്പെട്ട അഞ്ച് വിദേശികളും രണ്ട് ഇറാനികളും രണ്ട് ലെബനീസ് പൗരന്മാരും ഉൾപ്പെടുന്നു. ഹിസ്ബുല്ലയുമായി ചേർന്ന് രാഷ്ട്ര നേതാക്കളെ വധിക്കാൻ ഇവർ ആളുകളെ റിക്രൂട്ട് ചെയ്തിരുന്നതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.


പിടിയിലായ പ്രതികൾ തങ്ങളുടെ കുറ്റങ്ങൾ സമ്മതിച്ചിട്ടുണ്ട്. രാജ്യത്തിനായി ചാരവൃത്തി നടത്തിയതായും ഭീകരവാദ സംഘടനയിൽ ചേർന്ന് പ്രവർത്തിച്ചതായും ഇവർ മൊഴി നൽകി. രാഷ്ട്ര നേതാക്കളെ വധിക്കാനും രാജ്യത്തിന്റെ ഉന്നത താൽപ്പര്യങ്ങൾ തകർക്കാനുമുള്ള ചുമതലകൾ ഏറ്റെടുക്കാൻ തങ്ങൾ തയ്യാറായിരുന്നുവെന്ന് പ്രതികൾ വെളിപ്പെടുത്തി. വിദേശത്ത് വെച്ച് ഭീകര സംഘടനയുടെ നേതാക്കളിൽ നിന്നും അംഗങ്ങളിൽ നിന്നും ആയുധങ്ങൾ ഉപയോഗിക്കാനും സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യാനും ഇവർ പരിശീലനം നേടിയിരുന്നു. കൊലപാതകങ്ങൾ നടത്താനും നിരീക്ഷണ സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനുമുള്ള വിപുലമായ സൈനിക പരിശീലനവും ഇവർക്ക് ലഭിച്ചിട്ടുണ്ട്.
രാജ്യത്തോടുള്ള വിശ്വാസ്യതയുടെ ലംഘനവും കടുത്ത രാജ്യദ്രോഹവുമാണ് ഈ സംഘം ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ ആവശ്യമായ നിയമനടപടികൾക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ഈ ഭീകര സംഘവുമായോ മറ്റ് തീവ്രവാദ ഗ്രൂപ്പുകളുമായോ ബന്ധമുള്ള മറ്റാരെങ്കിലും ഉണ്ടോ എന്ന് കണ്ടെത്താൻ സുരക്ഷാ വകുപ്പുകൾ അന്വേഷണം ഊർജിതമാക്കി. കുവൈത്തിന്റെ സുരക്ഷയും പരമാധികാരവും വിട്ടുവീഴ്ചയില്ലാത്ത കാര്യമാണെന്നും രാജ്യത്തിന്റെ സ്ഥിരത തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.



