കുവൈത്ത് സിറ്റി – മേഖലയിലെ സംഘർഷങ്ങൾക്കിടയിലും ഇന്ത്യയും കുവൈത്തും തമ്മിലുള്ള യാത്രാബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജസീറ എയർവേയ്‌സ് ഇന്ത്യയിലെ എട്ട് നഗരങ്ങളിലേക്കുള്ള സര്‍വീസ് ശൃംഖല പൂര്‍ണ്ണമായും പുനഃസ്ഥാപിച്ചു. ഇതിന്റെ ഭാഗമായി മാർച്ച് 30 മുതൽ തിരുവനന്തപുരം, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ കൂടി കമ്പനി ആരംഭിക്കും. വന്ദേ ഭാരത് പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. കൊച്ചി, ബെംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, മുംബൈ എന്നീ നഗരങ്ങൾക്ക് പുറമെയാണ് ഇപ്പോൾ തിരുവനന്തപുരവും അഹമ്മദാബാദും കൂടി ജസീറയുടെ ശൃംഖലയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ എട്ട് പ്രധാന നഗരങ്ങളിലേക്ക് ജസീറയ്ക്ക് സർവീസ് ഉണ്ടാകും.
നിലവിലെ സാഹചര്യത്തിൽ സൗദി അറേബ്യയിലെ ഖൈസൂമ വിമാനത്താവളം വഴിയാണ് ജസീറ എയർവേയ്‌സ് ഇന്ത്യയിലേക്ക് സർവീസുകൾ നടത്തുന്നത്. കുവൈത്തിൽ നിന്നുള്ള യാത്രക്കാർ മിഷ്‌റഫിലെ കുവൈത്ത് ഇന്റർനാഷണൽ ഫെയർഗ്രൗണ്ടിലുള്ള ഹാൾ 8-ൽ എത്തി ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കണം. അവിടെ നിന്ന് ജസീറ എയർവേയ്‌സ് ഒരുക്കുന്ന പ്രത്യേക ബസുകളിൽ യാത്രക്കാരെ ഖൈസൂമ വിമാനത്താവളത്തിൽ എത്തിക്കും. കുവൈത്തിൽ നിന്നും ഏകദേശം രണ്ട് മണിക്കൂർ യാത്രാദൂരമാണ് ഈ വിമാനത്താവളത്തിലേക്കുള്ളത്. വിമാനയാത്രയ്ക്ക് ശേഷം തിരികെ എത്തുന്നവരെ ഖൈസൂമയിൽ നിന്നും ബസ് മാർഗ്ഗം തന്നെ കുവൈത്തിൽ എത്തിക്കും.
ഇന്ത്യൻ എംബസിയുമായി സഹകരിച്ചാണ് ഈ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് ജസീറ എയർവേയ്‌സ് സി.ഇ.ഒ ഭരതൻ പശുപതി അറിയിച്ചു. എട്ട് പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് പുനഃസ്ഥാപിച്ചത് കമ്പനിയെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടമാണ്. കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാർക്ക് തങ്ങളുടെ വീടുകളിലേക്കും കുടുംബങ്ങളിലേക്കും മടങ്ങാൻ ഈ സംവിധാനം വലിയ സഹായമാകും. മാർച്ച് 20-ന് സർവീസുകൾ ആരംഭിച്ചതിന് ശേഷം ഇതിനകം 1,300-ൽ അധികം യാത്രക്കാർ ഈ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
പെരുന്നാൾ കാലത്ത് കൂടുതൽ യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ സീറ്റുകളുടെ എണ്ണം കൂട്ടാനും സർവീസുകൾ വിപുലീകരിക്കാനും ജസീറയ്ക്ക് പദ്ധതിയുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകളും പുതിയ ലക്ഷ്യസ്ഥാനങ്ങളും ഘട്ടം ഘട്ടമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ജസീറ എയർവേയ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. യാത്രാ സൗകര്യങ്ങൾ പരിമിതമായ ഈ കാലഘട്ടത്തിൽ പ്രവാസികൾക്ക് ഈ തീരുമാനം ഏറെ ആശ്വാസം നൽകുന്നു.



