ന്യൂഡൽഹി– കോൺഗ്രസ് നേതൃത്വവുമായി നിലനിന്നിരുന്ന കടുത്ത ഭിന്നതകൾക്കൊടുവിൽ അയഞ്ഞ് കെ. സുധാകരൻ. പാർട്ടിയെ വെല്ലുവിളിക്കാൻ താനില്ലെന്നും സ്വതന്ത്രനായി മത്സരിക്കില്ലെന്നും അദ്ദേഹം ന്യൂഡൽഹിയിൽ വ്യക്തമാക്കി. താൻ പാർട്ടിയേക്കാൾ ചെറുതാണെന്നും സംഘടനയാണ് വലുതെന്നും പറഞ്ഞ അദ്ദേഹം, ഹൈക്കമാൻഡ് അംഗീകാരം നൽകുകയാണെങ്കിൽ മാത്രം മത്സരരംഗത്തുണ്ടാകുമെന്നും അറിയിച്ചു. പാർട്ടിക്ക് വിധേയനായി തുടരാനാണ് തന്റെ തീരുമാനമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
സ്ഥാനാർഥി പട്ടികയിൽ പേര് ഉൾപ്പെടുത്താത്തതിനെത്തുടർന്ന് സുധാകരൻ കടുത്ത അതൃപ്തിയിലായിരുന്നു. കണ്ണൂർ സീറ്റിൽ സുധാകരനെ പരിഗണിക്കുമെന്ന് രമേശ് ചെന്നിത്തലയ്ക്ക് നൽകിയ ഉറപ്പ് പാലിക്കപ്പെടാത്തതും പ്രതിസന്ധി രൂക്ഷമാക്കി. കെ. സുധാകരനും അടൂർ പ്രകാശിനും നിയമസഭയിൽ മത്സരിക്കാൻ ഹൈക്കമാൻഡ് അനുമതി നൽകാതിരുന്നതോടെ, കെ.സി വേണുഗോപാലിനെ ഫോണിൽ വിളിച്ച് സുധാകരൻ ‘ഗുഡ് ബൈ’ പറഞ്ഞതായും വാർത്തകൾ പുറത്തുവന്നിരുന്നു. കണ്ണൂരിൽ നേരത്തെ ടി.ഒ. മോഹനനെയാണ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നത്.
സുധാകരൻ സ്വതന്ത്ര നിലപാട് പ്രഖ്യാപിക്കാൻ വാർത്താസമ്മേളനം വിളിക്കാനിരിക്കെയാണ് എ.കെ. ആന്റണി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കൾ ഇടപെട്ടത്. മുതിർന്ന നേതാക്കളുടെ സമ്മർദത്തിന് വഴങ്ങി സുധാകരന് അനുകൂലമായ നിലപാടിലേക്ക് ഹൈക്കമാൻഡ് മാറിയതോടെയാണ് നാടകീയ നീക്കങ്ങൾക്കൊടുവിൽ പ്രതിസന്ധി പരിഹരിക്കപ്പെട്ടത്. അനുനയ പാത സ്വീകരിക്കാൻ സുധാകരനോട് ആവശ്യപ്പെട്ടതായി എ.കെ. ആന്റണി അറിയിച്ചു.



