റിയാദ് / തിരുവനന്തപുരം: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പുതുതായി ഏർപ്പെടുത്തിയ പ്രഥമ “ഉമ്മൻ ചാണ്ടി മെമ്മോറിയൽ എക്സലൻസി പുരസ്കാരം” കരുനാഗപ്പള്ളി എം.എൽ.എ സി.ആർ. മഹേഷിന് സമ്മാനിച്ചു. തിരുവനന്തപുരം കെ.പി.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ കേരളത്തിന്റെ സാംസ്കാരിക-ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥാണ് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം സമർപ്പിച്ചത്.
കരുനാഗപ്പള്ളി മണ്ഡലത്തിൽ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ സി.ആർ. മഹേഷ് നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങളും, മദ്യം-മയക്കുമരുന്ന് തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരായ ബോധവൽക്കരണ ഇടപെടലുകളും മുൻനിർത്തിയാണ് അദ്ദേഹത്തെ അവാർഡിനായി ജൂറി തിരഞ്ഞെടുത്തത്. നേരത്തെ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ വെച്ച് ചാണ്ടി ഉമ്മൻ എം.എൽ.എയാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചിരുന്നത്. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ. സലീം, സി. ഹരിദാസ്, സോണി സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ നിശ്ചയിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനകീയ രാഷ്ട്രീയവും പൊതുസേവന മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതിനായി ഏർപ്പെടുത്തിയ ഈ പുരസ്കാരം, സമൂഹത്തിന് മാതൃകാപരമായ സംഭാവനകൾ നൽകുന്ന ജനപ്രതിനിധികളെ ആദരിക്കുന്നതിനുള്ള ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ശ്രദ്ധേയമായ സംരംഭമായാണ് വിലയിരുത്തപ്പെടുന്നത്.
പുരസ്കാര സമർപ്പണത്തിന് ശേഷം കെ.പി.സി.സി ആസ്ഥാനത്ത് നടന്ന അനുമോദന സമ്മേളനത്തിൽ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും സെൻട്രൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് ആമുഖപ്രഭാഷണം നടത്തുകയും ചെയ്തു. ചടങ്ങിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ നെയ്യാറ്റിൻകര സനൽ, പി.എ. സലീം, ബാലകൃഷ്ണൻ പെരിയ എന്നിവരും, ഒഐസിസി നേതാക്കളായ അബ്ദുള്ള വല്ലാഞ്ചിറ, മുഹമ്മദലി മണ്ണാർക്കാട്, അമീർ പട്ടണത്ത്, സക്കീർ ദാനത്ത്, യഹിയ കൊടുങ്ങല്ലൂർ, സലീം അർത്തിയിൽ, ഹക്കീം പട്ടാമ്പി, ജോൺസൺ മാർക്കോസ്, നാസർ വലപ്പാട്, നസീർ ഹനീഫ കൊല്ലം എന്നിവരും ആശംസകൾ നേർന്ന് സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി നിഷാദ് ആലങ്കോട് സ്വാഗതവും സെക്രട്ടറി റഫീഖ് വെമ്പായം നന്ദിയും രേഖപ്പെടുത്തി. അശ്റഫ് വടക്കേവിള, ടി.കെ. അശ്റഫ് പൊന്നാനി, അയ്യൂബ് ഖാൻ, ജലാൽ മൈനാഗപ്പള്ളി, ഇസ്മായിൽ എരുമേലി, കെ.എം നൗഷാദ്, അനീഷ് കുരിശിങ്കൽ, കെ.കെ തോമസ്, എസ്.പി ഷാനവാസ്, സക്കീർ ആലുവ, അബ്ദുള്ള കൊറളായി തുടങ്ങിയ പ്രമുഖ നേതാക്കളും മുൻ ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.



