ജിദ്ദ– ഷറഫിയയിലെ ഖാലിദ് ബിൻ വലീദ് ഏരിയയിൽ അൽ അവ്വൽ (SAB) ബാങ്കിന് സമീപം പ്രവർത്തിച്ചുവരുന്ന അനസ് ബിൻ മാലിക് സെന്ററിൽ, ജിദ്ദാ ദഅവാ കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എല്ലാ ദിവസവും നടന്നുവരുന്ന സമൂഹ നോമ്പ് തുറ മലയാളികൾക്ക് ഏറെ പ്രിയങ്കരവും ആശ്വാസവുമായി. സൗദി ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന്റെ അനുമതിയോടുകൂടി നടന്നുവരുന്ന ഇഫ്താറിൽ ദിവസവും മുന്നൂറിൽപരം മലയാളികൾ നോമ്പുതുറക്കാനെത്തുന്നു. കഴിഞ്ഞ അഞ്ചുവർഷത്തോളമായി നാട്ടിൽ നിന്നും വിദഗ്ധരായ പാചകക്കാരെ പ്രത്യേകം കൊണ്ടുവന്ന് രുചികരമായ ഭക്ഷണം സെന്ററിൽ വച്ച് തന്നെ പാചകം ചെയ്ത് വിതരണം ചെയ്തു കൊണ്ടാണ് നോമ്പുതുറ സംഘടിപ്പിക്കപ്പെടുന്നത്.
സ്വദേശികളും വിദേശികളുമായ സുമനസ്കരുടെയും പ്രവർത്തകരുടെയും നിസ്സീമമായ സഹകരണത്തിലൂടെയാണ് എഴുപതിനായിരത്തോളം റിയാൽ ചിലവുവരുന്ന ഇഫ്താറിനുള്ള സാമ്പത്തികം കണ്ടെത്തുന്നത്. എല്ലാ ദിവസവും നോമ്പുതുറക്ക് മുമ്പ് വിവിധ പണ്ഡിതന്മാരുടെ വ്യത്യസ്ത വിഷയങ്ങളിലുള്ള വിജ്ഞാന വിരുന്നും ഈ ജനകീയ നോമ്പുതുറയുടെ പ്രത്യേകതയാണ്. വൈജ്ഞാനിക സദസ്സിൽ പങ്കെടുക്കാനായി നൂറുകണക്കിനാളുകൾ നേരത്തെ തന്നെ എത്തിച്ചേരുന്നതും പലപ്പോഴും ജനബാഹുല്യം കാരണം സീറ്റുകൾ കിട്ടാതെ ആളുകൾ ഇഫ്ത്വാർ കിറ്റുകൾ വാങ്ങി തിരിച്ചു പോകുന്നതും ഈ ജനകീയ ഇഫ്താറിലെ പതിവു കാഴ്ചകളായി മാറി. അടുക്കും ചിട്ടയോടും കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വളണ്ടിയേഴ്സും വൃത്തിയോടെ പാചകം ചെയ്യുന്ന രുചികരമായ കേരളീയ ഭക്ഷണവും അതിഥികൾക്ക് ഏറെ സംതൃപ്തി നൽകുന്നുണ്ട്.
വിശുദ്ധ റമദാനിനോടനുബന്ധിച്ച് നാട്ടിലെ നിരാലംബരായ കുരുന്നു മക്കൾക്ക് പെരുന്നാൾ പുടവ സമ്മാനിക്കുന്നതിനായി ‘ഈദ് കിസ്’വ’, സഹജീവികൾക്ക് ആശ്വാസമേക്കുന്നതിനായി ‘കനിവ്’ ചാരിറ്റബിൾ പ്രോഗ്രാം, സാമ്പത്തിക സകാത് ഫിത്ർ സകാത് എന്നിവ ശേഖരിക്കുകയും അർഹരിലേക്ക് എത്തിക്കുകയും ചെയ്യുവാനുള്ള സംവിധാനം എന്നിവ അനസ് ബിൻ മാലിക് സെന്ററിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി 0509299816 – 0560282977 – 0551762022 – 0508352690 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.



