ന്യൂഡൽഹി– രാജ്യത്ത് നിലനിൽക്കുന്ന പാചകവാതക ക്ഷാമവും ഊർജ്ജ പ്രതിസന്ധിയും കാരണം ഏകദേശം ഒരു കോടിയോളം ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. കേന്ദ്ര സർക്കാരിന്റെ തെറ്റായ വിദേശനയങ്ങളാണ് ഈ ഗുരുതരമായ സാഹചര്യത്തിന് വഴിവെച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹി എൻ.സി.ആർ, ബീഹാർ തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം ഇന്ധനക്ഷാമം മൂലം പകുതിയോളം ഹോട്ടലുകളും റെസ്റ്റോറന്റുകളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും ഇത് വൻതോതിലുള്ള തൊഴിലില്ലായ്മയ്ക്ക് കാരണമാകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾക്കായി പ്രധാനമായും ആശ്രയിക്കുന്ന ഹോർമുസ് കടലിടുക്ക് വഴിയുള്ള പാചകവാതക ഇറക്കുമതി തടസ്സപ്പെട്ടതാണ് പ്രതിസന്ധിക്ക് ആധാരം. ഇസ്രായേലിനും അമേരിക്കയ്ക്കും അന്ധമായ പിന്തുണ നൽകുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ചേരിചേരാ നയം തകർക്കുകയും ഇറാനെ ശത്രുവാക്കുകയും ചെയ്തുവെന്ന് കെജ്‌രിവാൾ ആരോപിച്ചു. ശീതയുദ്ധകാലത്ത് പോലും ഇന്ത്യ ഉയർത്തിപ്പിടിച്ച നയതന്ത്ര സ്വതന്ത്ര്യമാണ് ഇവിടെ ബലികഴിക്കപ്പെട്ടത്. യുദ്ധം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം നിലകൊണ്ട പ്രധാനമന്ത്രിയുടെ തീരുമാനം വലിയ പിഴവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാചകവാതക ഇറക്കുമതിയുടെ 90 ശതമാനവും ആശ്രയിക്കുന്നത് ഹോർമുസ് കടലിടുക്കിനെയാണ്. കേന്ദ്രത്തിന്റെ നയതന്ത്ര പരാജയം കാരണം ഈ വിതരണ ശൃംഖല അവതാളത്തിലായതോടെ ഹോട്ടൽ മേഖലയും ചെറുകിട വ്യവസായങ്ങളും കടുത്ത പ്രതിസന്ധിയിലാണ്. വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നും ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനത്തെ ബാധിക്കുന്ന ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



