ലണ്ടൻ– ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് പന്തുരുളും. യൂറോപ്പിലെ കരുത്തരായ ബാഴ്സലോണ, ലിവർപൂൾ, ബയേൺ മ്യൂണിക്ക് തുടങ്ങിയ ക്ലബ്ബുകൾ മാറ്റുരയ്ക്കുന്ന ആദ്യ പാദ മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. പുതിയ ലീഗ് ഫോർമാറ്റിലെ കടുപ്പമേറിയ പോരാട്ടങ്ങൾക്കൊടുവിൽ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയെത്തിയ ടീമുകൾക്ക് ക്വാർട്ടർ പ്രവേശനം ലക്ഷ്യമിട്ട് ഇന്നത്തെ മത്സരങ്ങൾ ഏറെ നിർണ്ണായകമാണ്.
ഇന്ത്യൻ സമയം രാത്രി 11:15-ന് നടക്കുന്ന ആദ്യ പോരാട്ടത്തിൽ ലിവർപൂൾ തുർക്കിഷ് ക്ലബ്ബായ ഗലാറ്റസരായെയുമായി ഏറ്റുമുട്ടും. ഗലാറ്റസരായെയുടെ തട്ടകമായ ഇസ്താംബൂളിലാണ് ഈ മത്സരം നടക്കുന്നത്. തുടർന്ന് നാളെ പുലർച്ചെ 1:30-ന് മൂന്ന് മത്സരങ്ങളാണ് ഒരേസമയം അരങ്ങേറുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടത്തിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ ഇംഗ്ലീഷ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡിനെ അവരുടെ മൈതാനമായ സെന്റ് ജെയിംസ് പാർക്കിൽ നേരിടും.അതേസമയം തന്നെ നടക്കുന്ന മറ്റു മത്സരങ്ങളിൽ ജർമ്മൻ കരുത്തരായ ബയേൺ മ്യൂണിക്ക് ഇറ്റാലിയൻ ക്ലബ്ബായ അറ്റലാന്റയുമായും, സ്പാനിഷ് ക്ലബ്ബായ അറ്റ്ലറ്റിക്കോ മാഡ്രിഡ് ഇംഗ്ലീഷ് ടീമായ ടോട്ടനം ഹോട്‌സ്പുറുമായും ഏറ്റുമുട്ടും.



