റിയാദ്- സൗദി അറേബ്യയിലെ അൽ-ജൗഫ് മേഖലയുടെ കിഴക്കു ഭാഗം ലക്ഷ്യമാക്കി തൊടുത്തുവിട്ട ഡ്രോൺ സൗദി സുരക്ഷാസൈന്യം തകർത്തു. സൗദി പ്രസ് ഏജൻസി പുറത്തുവിട്ട പ്രസ്താവനയിലാണ് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന് നേരെയുണ്ടായ മറ്റ് ചില ആക്രമണ നീക്കങ്ങളും പ്രതിരോധ സേന വിജയകരമായി പരാജയപ്പെടുത്തിയതായി മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
പ്രിൻസ് സുൽത്താൻ എയർ ബേസിന് നേരെ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ തകർക്കുകയും റിയാദിന് വടക്ക് ഭാഗത്ത് വെച്ച് രണ്ട് ഡ്രോൺ ആക്രമണങ്ങൾ പരാജയപ്പെടുത്തുകയും ചെയ്തു. കൂടാതെ, ഷൈബ എണ്ണപ്പാടം ലക്ഷ്യമാക്കി റുബഉൽ ഖാലി മേഖലയിലൂടെ എത്തിയ ഒരു ഡ്രോണും, സൗദി അറേബ്യയിലെ വിവിധ ഇടങ്ങൾ ലക്ഷ്യമിട്ട് നീങ്ങിയ മറ്റ് അഞ്ച് ഡ്രോണുകളും വ്യോമ പ്രതിരോധ സേന തടഞ്ഞു നശിപ്പിച്ചു.



