ടെഹ്‌റാൻ– പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ, ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങളിൽ പരസ്യമായി ക്ഷമ ചോദിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ. ശനിയാഴ്ച ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്. ഇറാന് മറ്റ് രാജ്യങ്ങളിലേക്ക് അധിനിവേശം നടത്താൻ യാതൊരു പദ്ധതികളുമില്ലെന്നും, സമീപകാലത്തുണ്ടായ ആക്രമണങ്ങൾ ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാനെതിരെ അയൽരാജ്യങ്ങളുടെ മണ്ണിൽ നിന്ന് ആക്രമണം ഉണ്ടാകാത്ത പക്ഷം, ആ രാജ്യങ്ങൾക്കെതിരെ ഇനി മിസൈൽ വിക്ഷേപണങ്ങളോ മറ്റ് സൈനിക നടപടികളോ ഉണ്ടാവില്ലെന്ന് ഇറാന്റെ താൽക്കാലിക നേതൃത്വ കൗൺസിൽ തീരുമാനിച്ചതായും പെഷസ്കിയാൻ അറിയിച്ചു. മറ്റ് രാജ്യങ്ങളെ ആക്രമിക്കാൻ ടെഹ്‌റാനു ഉദ്ദേശ്യമില്ലെന്നും സമാധാനപരമായ സഹവർത്തിത്വമാണ് ലക്ഷ്യം. ഇറാന്‍ ഇസ്രായിലിനും അമേരിക്കക്കും മുന്നില്‍ കീഴടങ്ങില്ല. ഓരോ ഇറാനിയുടെയും സാന്നിധ്യം ശത്രുക്കള്‍ക്ക് നിരാശയുടെ ഉറവിടമാണ്. ഇറാനെ സംരക്ഷിക്കാനായി ഇറാന്‍ ജനത നീരസത്തിന്റെയും കോപത്തിന്റെയും വികാരങ്ങള്‍ മാറ്റിവെക്കണം. നമ്മള്‍ നിരുപാധികമായി കീഴടങ്ങുമെന്ന അവരുടെ സ്വപ്നത്തെ അവര്‍ ശവക്കുഴിയിലേക്ക് കൊണ്ടുപോകേണ്ടിവരുമെന്നും ഇറാന്‍ ജനതയെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് വ്യക്തമാക്കി.
ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഇറാൻ നടത്തിയ ആക്രമണങ്ങൾ പ്രതിരോധത്തിന്റെ ഭാഗമായിരുന്നുവെന്നാണ് വിശദീകരണം. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്ര ചർച്ചകൾക്ക് ഇറാൻ തയ്യാറാണെന്ന സൂചനയും പ്രസിഡന്റിന്റെ പ്രസ്താവനയിലുണ്ട്. എന്നാൽ, തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലും സുരക്ഷയിലും വിട്ടുവീഴ്ചയുണ്ടാവില്ലെന്ന കർശന നിലപാടും അദ്ദേഹം ആവർത്തിച്ചു.
നിരുപാധികമായ കീഴടങ്ങല്‍ ഒഴികെ ഇറാനുമായി ഒരു കരാറും ഉണ്ടാകില്ല എന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. മഹത്തരവും സ്വീകാര്യവുമായ നേതാക്കളെ ഇറാന്‍ തെരഞ്ഞെടുത്ത ശേഷം, നമ്മുടെ നിരവധി മഹത്തരവും ധീരവുമായ സഖ്യകക്ഷികളും പങ്കാളികളും ചേര്‍ന്ന് ഇറാനെ ദുരന്തത്തിന്റെ വക്കില്‍ നിന്ന് രക്ഷിക്കാനും അതിനെ മുമ്പെന്നത്തേക്കാളും വലുതും മികച്ചതും സാമ്പത്തികമായി ശക്തവുമാക്കാനും ഞങ്ങള്‍ അക്ഷീണം പ്രവര്‍ത്തിക്കുമെന്ന് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ ട്രംപ് എഴുതി. ഇറാന് ഒരു മികച്ച ഭാവി ഉണ്ടാകുമെന്നും ഇറാനെ വീണ്ടും മഹത്തരമാക്കാമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.



