അബുദാബി – അജ്ഞാത ഉറവിടങ്ങളില്‍ നിന്നുള്ള കിംവദന്തികളും വിവരങ്ങളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയോ മറ്റ് സാങ്കേതിക മാര്‍ഗങ്ങളിലൂടെയോ പ്രസിദ്ധീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും എതിരെ യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം കിംവദന്തികള്‍ ആശയക്കുഴപ്പം വ്യാപിക്കുകയും സമൂഹത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും ദോഷം വരുത്തുകയും ചെയ്യും. ഔദ്യോഗികവും അംഗീകൃതവുമായ ഉറവിടങ്ങളില്‍ നിന്ന് മാത്രം വിവരങ്ങള്‍ നേടേണ്ടതിന്റെയും, സ്ഥിരീകരണം കൂടാതെ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും ആയ ഉള്ളടക്കത്തിന്റെ സ്വാധീനത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതിന്റെയും ആവശ്യകത പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
അജ്ഞാത ഉറവിടങ്ങളില്‍ നിന്നുള്ള ഉള്ളടക്കം പങ്കിടുകയോ വീണ്ടും പോസ്റ്റ് ചെയ്യുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയും, അവര്‍ അത്തരം ഉള്ളടക്കത്തിന്റെ യഥാര്‍ഥ സ്രഷ്ടാവല്ലെങ്കില്‍ പോലും, രാജ്യത്ത് നിലവിലുള്ള നിയമനിര്‍മ്മാണത്തിന് അനുസൃതമായി നിയമപരമായ ഉത്തരവാദിത്തത്തിന് വിധേയരായിരിക്കും. വിവരങ്ങള്‍ ഉത്തരവാദിത്തമാണ്, കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് കുറ്റകൃത്യമാണ് – യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



