മനാമ – ഇറാന്‍ ആക്രമണങ്ങളെ ബഹ്‌റൈന്‍ വ്യോമപ്രതിരോധ സംവിധാനം ഫലപ്രദമായി ചെറുത്തതായി ബഹ്റൈന്‍ പ്രതിരോധ സേനാ ജനറല്‍ കമാന്‍ഡ് പ്രഖ്യാപിച്ചു. 45 മിസൈലുകളും ഷാഹിദ്-136 ഇനത്തില്‍പെട്ടവ അടക്കം 9 ഡ്രോണുകളും നശിപ്പിക്കുകയും വെടിവെച്ചിടുകയും ചെയ്തു. രാജ്യസുരക്ഷക്ക് നേരെയുള്ള ഏത് ഭീഷണിയെയും നേരിടാന്‍ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങള്‍ അതീവ ജാഗ്രതയിലാണെന്നും പൂര്‍ണ്ണമായും സുസജ്ജമാണെന്നും ജനറല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു.
പൗരന്മാരുടെയും രാജ്യത്ത് കഴിയുന്ന പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക ഫീല്‍ഡ് ടീമുകള്‍ ആക്രമണ സ്ഥലങ്ങള്‍ സുരക്ഷിതമാക്കുന്നത് തുടരുകയാണ്. ബഹ്റൈനിന്റെ സുരക്ഷയും സ്ഥിരതയും ലക്ഷ്യമിട്ടുള്ള ഏതൊരു ആക്രമണത്തെയും ചെറുക്കാന്‍ തങ്ങളുടെ ഉദ്യോഗസ്ഥരുടെ ജാഗ്രതയും സന്നദ്ധതയും പ്രാപ്തമാണ്. എല്ലാവരും അതീവ ജാഗ്രത പാലിക്കണം. വീട്ടില്‍ തന്നെ തുടരണം. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തുപോകണം. കിംവദന്തികള്‍ പ്രചരിപ്പിക്കുകയോ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയോ ചെയ്യരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ നേടണം. ആക്രമണങ്ങളുണ്ടായ സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ബഹ്റൈന്‍ പ്രതിരോധ സേനാ ജനറല്‍ കമാന്‍ഡ് ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



