കയ്‌റോ– തെക്കന്‍ ഈജിപ്തിലെ ലക്സര്‍ ഗവര്‍ണറേറ്റില്‍ ബസും മിനിബസും കൂട്ടിയിടിച്ച് മിനിബസ് കനാലിലേക്ക് മറിഞ്ഞ് കുട്ടികള്‍ അടക്കം 14 പേര്‍ക്ക് പരിക്കേറ്റു. നാലു പേരെ കാണാതായി. പ്രദേശവാസികളും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് ഏതാനും യാത്രക്കാരെ രക്ഷപ്പെടുത്തി. ലക്സറിന് പടിഞ്ഞാറുള്ള അര്‍മന്ദ് നഗരത്തിലാണ് അപകടം. മിനിബസ് അസ്ഫണ്‍ കനാലിലേക്ക് മറിയുകയായിരുന്നു.
ലക്സറിന് പടിഞ്ഞാറുള്ള അര്‍മന്ദിലെ അല്‍വാബൂറാത്ത് അല്‍റബ്ബാനിയ്യ പ്രദേശത്ത് ബസും മിനിബസും കൂട്ടിയിടിച്ചതായി അര്‍മന്ദ് പോലീസ് സ്റ്റേഷനില്‍ നിന്ന് ലക്സര്‍ സുരക്ഷാ ഡയറക്ടറേറ്റിന് റിപ്പോര്‍ട്ട് ലഭിച്ചു. സുരക്ഷാ സേനയും ആംബുലന്‍സുകളും ഉടന്‍ സ്ഥലത്തെത്തി. ഏഴു മുതല്‍ 36 വയസ്സ് വരെ പ്രായമുള്ളവര്‍ പരിക്കേറ്റവരുടെ കൂട്ടത്തിലുണ്ട്. പരിക്കേറ്റവരെ അടിയന്തര ആരോഗ്യ പരിചരണത്തിനായി ലക്‌സറിലെ ഹെല്‍ത്ത് കെയര്‍ അതോറിറ്റിക്കു കീഴിലെ ഹോറസ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.



