റിയാദ് – അല്‍ജൗഫിലും സമീപപ്രദേശങ്ങളിലും കഴിയുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഏറെ ഉപകാരപ്പെടുന്ന നിലക്ക്, സെക്കന്‍ഡ് എയര്‍പോര്‍ട്ട് ക്ലസ്റ്ററില്‍ ഉള്‍പ്പെടുന്ന വിമാനത്താവളങ്ങളിലൊന്നായ പുതിയ അല്‍ജൗഫ് അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചു. പഴയ വിമാനത്താവളത്തില്‍ നിന്ന് പുതിയ എയര്‍പോര്‍ട്ടിലേക്ക് പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനങ്ങള്‍ മാറ്റുന്നതിന്റെ ഭാഗമായി ആദ്യ വിമാന സര്‍വീസ് പുതിയ വിമാനത്താവളത്തില്‍ സ്വീകരിച്ചു. പുതിയ വിമാനത്താവളത്തിന് പ്രതിവര്‍ഷം 16 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട്. പഴയ എയര്‍പോര്‍ട്ടിന്റെ പ്രതിവര്‍ഷ ശേഷി 1,75,000 യാത്രക്കാരായിരുന്നു. ഇതിനെ അപേക്ഷിച്ച് പുതിയ വിമാനത്താവളത്തിന്റെ ശേഷി എട്ട് മടങ്ങിലേറെ കൂടുതലാണ്.
ഏറ്റവും പുതിയ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി രൂപകല്‍പ്പന ചെയ്ത പുതിയ അല്‍ജൗഫ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനലിന് മൊത്തം 24,000 ചതുരശ്ര മീറ്ററാണ് വിസ്തീര്‍ണ്ണം. 16 ചെക്ക്-ഇന്‍ കൗണ്ടറുകള്‍, രണ്ട് സെല്‍ഫ് സര്‍വീസ് കിയോസ്‌ക്കുകള്‍, 11 ഡിപ്പാര്‍ച്ചര്‍, അറൈവല്‍ ഗേറ്റുകള്‍, അഞ്ച് ഇരട്ട ജവാസാത്ത് കണ്‍ട്രോള്‍ കൗണ്ടറുകള്‍, 648 കാറുകള്‍ നിര്‍ത്തിയിടാന്‍ വിശാലമായ പാര്‍ക്കിംഗ്, വിവിധ സംയോജിത സൗകര്യങ്ങളും സേവനങ്ങളും എന്നിവ അടക്കമുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്.


ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ ഉള്ള യാത്രക്കാര്‍ക്ക് സേവനം നല്‍കാനായി സമര്‍പ്പിച്ചിരിക്കുന്ന സെന്‍സറി റൂമുകളും വൈകല്യമുള്ളവര്‍ക്കും സമാനമായ അവസ്ഥകളുള്ളവര്‍ക്കും അനുയോജ്യമായ സേവനങ്ങളും ലഭ്യമാണ്. 1,700 ചതുരശ്ര മീറ്റര്‍ റീട്ടെയില്‍ സ്ഥലവും ഇവിടെയുണ്ട്.
അല്‍ജൗഫ് പ്രവിശ്യയുടെ പൈതൃകം പ്രതിഫലപ്പിക്കുന്ന നിലക്കാണ് ടെര്‍മിനല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒലീവ് മരങ്ങള്‍ കൊണ്ട് അലങ്കരിച്ച ഏകദേശം 5,000 ചതുരശ്ര മീറ്റര്‍ പച്ച ഇടങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. സമൃദ്ധമായി വളരുന്ന ഒലീവ് മരങ്ങള്‍ക്ക് അല്‍ജൗഫ് പ്രവിശ്യ പ്രശസ്തമാണ്.
റിയാദില്‍ നിന്നുള്ള വിമാന സര്‍വീസ് ആണ് പഴയ വിമാനത്താവളത്തില്‍ അവസാനമായി പറന്നത്. നിരവധി വര്‍ഷങ്ങളായി നീണ്ടുനിന്ന പ്രവര്‍ത്തന ഘട്ടത്തിന്റെ അന്ത്യത്തെ ഇത് അടയാളപ്പെടുത്തി. യാത്രക്കാരുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കാന്‍ രൂപകല്‍പ്പന ചെയ്ത പദ്ധതിയുടെ ഭാഗമായി, എല്ലാ ബന്ധപ്പെട്ട വകുപ്പുകളുടെയും സഹകരണത്തിലൂടെയും ഏകോപനത്തിലൂടെയുമാണ് പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള മാറ്റം നടപ്പാക്കിയത്.



