ബ്രസ്സല്‍സ് – ഇറാന്‍ ആണവ പ്രശ്‌നത്തിന് നയതന്ത്ര പരിഹാരമാണ് വേണ്ടതെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ നയ മേധാവി കാജ കല്ലാസ് പറഞ്ഞു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ ആക്രമണ ഭീഷണി മുഴക്കുകയും ഇറാനും അമേരിക്കയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കാനിരിക്കെയുമാണ് കാജ കല്ലാസിന്റെ പ്രസ്താവന. ഈ മേഖലയില്‍ നമുക്ക് മറ്റൊരു യുദ്ധം ആവശ്യമില്ല. നമുക്ക് ഇപ്പോള്‍ തന്നെ വളരെയധികം യുദ്ധങ്ങളുണ്ടെന്നും യൂറോപ്യന്‍ യൂണിയന്‍ വിദേശമന്ത്രിമാരുടെ യോഗത്തിന് മുമ്പായി കാജാ കല്ലാസ് ചൂണ്ടികാട്ടി. ഇറാന്‍ അതിന്റെ എക്കാലത്തെയും ദുര്‍ബലമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്നുവെന്നത് ശരിയാണ്. നയതന്ത്ര പരിഹാരം കണ്ടെത്താന്‍ നാം ഈ സമയം പ്രയോജനപ്പെടുത്തണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ റൗണ്ട് ചര്‍ച്ചകള്‍ അടുത്ത വ്യാഴാഴ്ച ജനീവയില്‍ നടക്കുമെന്ന് ഒമാന്‍ വിദേശ മന്ത്രി ബദര്‍ അല്‍ബൂസഈദി ഞായറാഴ്ച അറിയിച്ചു. ആണവ ബോംബ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കാന്‍ കഴിയുന്ന സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഇറാന്‍ ഉപേക്ഷിക്കണമെന്നും മിഡില്‍ ഈസ്റ്റിലെ സായുധ ഗ്രൂപ്പുകളെ പിന്തുണക്കുന്നത് നിര്‍ത്തണമെന്നും മിസൈല്‍ പദ്ധതിയിലെ നിയന്ത്രണങ്ങള്‍ അംഗീകരിക്കണമെന്നും അമേരിക്ക ആവശ്യപ്പെടുന്നു. തങ്ങളുടെ ആണവ പദ്ധതി സമാധാനപരമാണെന്ന് ഇറാന്‍ വാദിക്കുന്നുണ്ട്. സാമ്പത്തിക ഉപരോധങ്ങള്‍ നീക്കുന്നതിന് പകരമായി ആണവ പദ്ധതിയിന്മേലുള്ള ചില നിയന്ത്രണങ്ങള്‍ അംഗീകരിക്കാനാണ് ഇറാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നത്. എന്നാല്‍ ആണവ പ്രശ്നത്തെ മിസൈല്‍ പദ്ധതി, സായുധ ഗ്രൂപ്പുകള്‍ക്കുള്ള പിന്തുണ പോലുള്ള മറ്റ് കാര്യങ്ങളുമായി ബന്ധിപ്പിക്കുന്നത് ഇറാന്‍ വിസമ്മതിക്കുകയും ചെയ്യുന്നു.
അതേസമയം, ഇറാനില്‍ യു.എസ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന ആശങ്ക വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ ഇറാന്‍ വിടണമെന്ന് ഇന്ത്യന്‍ വിദേശ മന്ത്രാലയം നിര്‍ദേശിച്ചതായി തെഹ്റാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇറാനിലെ സാഹചര്യം കണക്കിലെടുത്ത്, നിലവില്‍ ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ വാണിജ്യ വിമാനങ്ങള്‍ ഉള്‍പ്പെടെ ലഭ്യമായ ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് മടങ്ങണമെന്ന് ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നുവെന്ന് എംബസി സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. ഏകദേശം 10,000 ഇന്ത്യക്കാര്‍ നിലവില്‍ ഇറാനിലുണ്ടെന്ന് എംബസി കണക്കാക്കുന്നു.



