റിയാദ് – അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഭൂമി തങ്ങളുടെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ സ്വത്തായി പ്രഖ്യാപിക്കാനുള്ള ഇസ്രായില്‍ അധികാരികളുടെ തീരുമാനത്തെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. വെസ്റ്റ് ബാങ്കില്‍ നിയമപരവും ഭരണപരവുമായ പുതിയ യാഥാര്‍ഥ്യം അടിച്ചേല്‍പ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്നും മേഖലയില്‍ സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങളെ ഇത് ദുര്‍ബലപ്പെടുത്തുന്നതായും സൗദി അറേബ്യ ചൂണ്ടികാട്ടി. അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശത്ത് ഇസ്രായിലിന് പരമാധികാരമില്ല. അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനമായ ഈ നിയമവിരുദ്ധ നടപടികളെ സൗദി അറേബ്യ പൂര്‍ണ്ണമായും നിരാകരിക്കുന്നു. ഇസ്രായിലിന്റെ പുതിയ നടപടികള്‍ ദ്വിരാഷ്ട്ര പരിഹാരത്തെ ദുര്‍ബലപ്പെടുത്തുകയാണ്. ഇത് 1967 ജൂണ്‍ 4 ലെ അതിര്‍ത്തിക്കുള്ളില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമാക്കി സ്വതന്ത്രവും പരമാധികാരവുമായ രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ അന്തര്‍ലീനമായ അവകാശത്തിന് നേരെയുള്ള ആക്രമണമാണെന്നും സൗദി അറേബ്യ ആവര്‍ത്തിച്ചു.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ പ്രദേശങ്ങള്‍ സര്‍ക്കാര്‍ സ്വത്തായി മാറ്റാനുള്ള ഇസ്രായില്‍ അധികാരികളുടെ തീരുമാനത്തെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ബുദൈവി ശക്തമായി അപലപിച്ചു. ഈ നടപടി അന്താരാഷ്ട്ര നിയമത്തിന്റെയും യു.എന്‍ പ്രമേയങ്ങളുടെയും നഗ്‌നവും ഗുരുതരവുമായ ലംഘനമാണ്. നിയമവിരുദ്ധ കുടിയേറ്റ നയങ്ങളുടെ തുടര്‍ച്ചയാണ് ഈ തീരുമാനം. ഈ രീതികള്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ ഉറച്ച നിലപാട് ആവശ്യമാണ്. അധിനിവിഷ്ട ഫലസ്തീനിലെ ജൂതകുടിയേറ്റത്തിന്റെ നിയമ വിരുദ്ധതയും അധിനിവേശം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയും സ്ഥിരീകരിക്കുന്ന യു.എന്‍ പ്രമേയങ്ങളെ വ്യക്തമായി വെല്ലുവിളിച്ചുകൊണ്ട്, ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളുടെ നഗ്‌നമായ ലംഘനവും അവരുടെ ഭൂമി പിടിച്ചെടുക്കാനുള്ള ആസൂത്രിതമായ ശ്രമവുമാണ് ഈ നടപടിയെന്ന് അദ്ദേഹം കൂട്ടിചേർത്തു.
ഇസ്രായിലിന്റെ ഗുരുതരമായ നിയമ ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ ഉടനടി പ്രായോഗിക നടപടികള്‍ സ്വീകരിക്കണമെന്നും മേഖലയിലെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയായ കുടിയേറ്റ നയങ്ങളും ഏകപക്ഷീയമായ തീരുമാനങ്ങളും അവസാനിപ്പിക്കാന്‍ ഇസ്രായില്‍ അധികാരികളെ നിര്‍ബന്ധിക്കണമെന്നും ജി.സി.സി സെക്രട്ടറി ജനറല്‍ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. അറബ് സമാധാന പദ്ധതിക്കും ബന്ധപ്പെട്ട അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്കും അനുസൃതമായി, 1967 ജൂണ്‍ 4 ലെ അതിര്‍ത്തികളില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമാക്കി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള ഫലസ്തീന്‍ ജനതയുടെ നിയമാനുസൃത അവകാശങ്ങള്‍ക്ക് ജി.സി.സിയുടെ അചഞ്ചലമായ പിന്തുണ ജാസിം അല്‍ബുദൈവി ആവര്‍ത്തിച്ചു.



