വാഷിംഗ്ടണ്‍– ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലിനോട് കരീബിയന്‍ കടലില്‍ നിന്ന് മിഡില്‍ ഈസ്റ്റിലേക്ക് പോകാന്‍ ഉത്തരവിട്ടതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കണോ വേണ്ടയോ എന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരിഗണിക്കുന്നതിനിടെയാണ് പുതിയ നീക്കം. ഇറാന്‍ ആണവ പദ്ധതിയില്‍ ഒരു കരാറിലെത്താന്‍ ട്രംപ് സമ്മര്‍ദം വര്‍ധിപ്പിക്കുന്നതിനിടെയാണ് യു.എസ്.എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡിനെ മിഡില്‍ ഈസ്റ്റിലേക്ക് നീക്കുന്നത്. ഇത് രണ്ട് വിമാനവാഹിനിക്കപ്പലുകളും അവയോടൊപ്പമുള്ള യുദ്ധക്കപ്പലുകളും മേഖലയില്‍ സ്ഥാപിക്കും. യു.എസ്.എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനിക്കപ്പലും മൂന്ന് ഗൈഡഡ്-മിസൈല്‍ ഡിസ്‌ട്രോയറുകളും രണ്ടാഴ്ച മുമ്പ് മിഡില്‍ ഈസ്റ്റില്‍ എത്തിയിരുന്നു.
കഴിഞ്ഞ മാസം വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയ അപ്രതീക്ഷിത റെയ്ഡിന് മുന്നോടിയായി യു.എസ് ഭരണകൂടം വലിയ സൈനിക സാന്നിധ്യം കെട്ടിപ്പടുക്കുന്നതിനിടയില്‍, കഴിഞ്ഞ ഒക്ടോബറില്‍ ട്രംപ് യുഎസ്എസ് ഫോര്‍ഡ് മെഡിറ്ററേനിയന്‍ കടലില്‍ നിന്ന് കരീബിയനിലേക്ക് അയക്കുകയായിരുന്നു. ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് പടിഞ്ഞാറന്‍ അര്‍ധഗോളത്തിന് പ്രാധാന്യം നല്‍കുന്ന ട്രംപിന്റെ ദേശീയ സുരക്ഷാ തന്ത്രത്തിന് പുതിയ നീക്കം വിരുദ്ധമാണ്.
ആണവ പ്രശ്‌നത്തില്‍ അമേരിക്കയുമായി കരാറിലെത്തുന്നതില്‍ പരാജയപ്പെടുന്നത് വളരെ ആഘാതകരമായിരിക്കുമെന്ന് ട്രംപ് വ്യാഴാഴ്ച ഇറാന് മുന്നറിയിപ്പ് നല്‍കി. ഇറാനും അമേരിക്കയും കഴിഞ്ഞ ആഴ്ച ഒമാനില്‍ ആദ്യ റൗണ്ട് പരോക്ഷ ചര്‍ച്ചകള്‍ നടത്തി. അടുത്ത മാസം കരാര്‍ ഒപ്പുവെക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നതായി, ഇറാനുമായി ആണവ പദ്ധതിയില്‍ ഒരു കരാറില്‍ ഏര്‍പ്പെടാനുള്ള സമയപരിധിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു. അത് വേഗത്തില്‍ സംഭവിക്കണം. അവര്‍ വളരെ വേഗത്തില്‍ സമ്മതിക്കണമെന്നും ട്രംപ് കൂട്ടിചേർത്തു. മിഡില്‍ ഈസ്റ്റിലേക്ക് രണ്ടാമത്തെ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിനെ അയയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ഈ ആഴ്ച ആദ്യം ട്രംപ് ആക്‌സിയോസിനോട് വ്യക്തമാക്കി.
ബുധനാഴ്ച ട്രംപ് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി വാഷിംഗ്ടണില്‍ വെച്ച് ദീര്‍ഘനേരം ചര്‍ച്ച നടത്തുകയും ഇറാനുമായുള്ള ചര്‍ച്ചകള്‍ തുടരേണ്ടതുണ്ടെന്ന് ഇസ്രായില്‍ നേതാവിനോട് പറയുകയും ചെയ്തു. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതി കുറക്കാനും ഹമാസ്, ഹിസ്ബുല്ല തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കാനും സമ്മര്‍ദം ചെലുത്തണമെന്ന് അമേരിക്കന്‍ ഭരണകൂടത്തോട് നെതന്യാഹു ആവശ്യപ്പെടുന്നു. യു.എസ്.എസ് ഫോര്‍ഡ് എത്ര കാലം മിഡില്‍ ഈസ്റ്റില്‍ തുടരുമെന്ന് വ്യക്തമല്ല.



