തെല്‍അവീവ്– ആണവ, ബാലിസ്റ്റിക് മിസൈല്‍ ശേഷികള്‍ ഇല്ലാതാക്കി, ഇസ്രായിലിന് ഒരുനിലക്കും ഭീഷണി ഉയര്‍ത്താത്ത രാജ്യമാക്കി ഇറാനെ മാറ്റണമെന്ന ആവശ്യം ഉന്നയിക്കാന്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ബുധനാഴ്ച വാഷിംഗ്ടണില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ആണവ പ്രശ്‌നത്തില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകളില്‍ ഇസ്രായിലിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനം. തങ്ങളുടെ സുരക്ഷക്കുള്ള ഇറാന്റെ മറ്റ് ഭീഷണികളെ അഭിസംബോധന ചെയ്യാതെ, ആണവ വിഷയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സാഹചര്യത്തെ ഇസ്രായില്‍ ഭയപ്പെടുന്നതായി ഇസ്രായിലി പത്രമായ യെദിയോത്ത് അഹരോണോത്തിനു കീഴിലെ വൈനെറ്റ് ന്യൂസ് വെബ്സൈറ്റ് പറയുന്നു.
യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തുന്നതും ഇറാനില്‍ നിന്ന് സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം നീക്കം ചെയ്യുന്നതും അടക്കം ഇറാന്റെ ആണവ പദ്ധതി പൂര്‍ണ്ണമായും പൊളിച്ചുമാറ്റുന്നത് ഉള്‍പ്പെടുന്ന ഒരു കരാറിലേക്ക് ചര്‍ച്ചകള്‍ നയിക്കണമെന്ന് ഇസ്രായില്‍ ആഗ്രഹിക്കുന്നു. സംശയിക്കപ്പെടുന്ന സ്ഥലങ്ങളിലെ മിന്നല്‍ പരിശോധനകള്‍ ഉള്‍പ്പെടെ, ഇറാന്റെ ആണവ പദ്ധതി പൂര്‍ണ്ണമായും ആത്മാര്‍ഥമായും ഉയര്‍ന്ന നിലവാരത്തിലും നിരീക്ഷിക്കാന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഇന്‍സ്‌പെക്ടര്‍മാര്‍ ഇറാനിലേക്ക് മടങ്ങണമെന്ന് ഇസ്രായില്‍ ആവശ്യപ്പെടുന്നു. കൂടാതെ, ഇസ്രായിലിന് ഭീഷണിയാകുന്നത് തടയാന്‍ ഇറാന്‍ മിസൈലുകളുടെ പരമാവധി പരിധി 300 കിലോമീറ്റര്‍ ആയി ഏതൊരു പുതിയ കരാറിലും നിശ്ചയിക്കണമെന്നും ഇസ്രായില്‍ കരുതുന്നു.
ബാലിസ്റ്റിക് മിസൈലുകള്‍ പരിമിതപ്പെടുത്താനും, ലെബനോനിലെ ഹിസ്ബുല്ലയും യെമനിലെ ഹൂത്തികളും ഉള്‍പ്പെടെ മധ്യപൗരസ്ത്യദേശത്ത് ഇറാന്‍ അവരുടെ പ്രോക്‌സികളെ പിന്തുണക്കുന്നത് തടയാനുമുള്ള വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പ്പെടുത്തണമെന്നും ഇസ്രായില്‍ ആവശ്യപ്പെടുന്നു. നെതന്യാഹുവിന്റെ അമേരിക്കന്‍ സന്ദര്‍ശനം മുമ്പ് നിശ്ചയിച്ചതിലും ഒരു ആഴ്ച നേരത്തെയാക്കാനുള്ള തിടുക്കം, ബാലിസ്റ്റിക് മിസൈലുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, ചര്‍ച്ചകളില്‍ ഇസ്രായിലിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ അമേരിക്കയെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നാണ് മുതിര്‍ന്ന രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ യു.എസ് പ്രസിഡന്റായി ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം നെതന്യാഹുവും ട്രംപും തമ്മിലുള്ള ഏഴാമത്തെ കൂടിക്കാഴ്ചയായിരിക്കും ബുധനാഴ്ചത്തേത്. ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍ വെള്ളിയാഴ്ച ഇറാന്‍, അമേരിക്കന്‍ നേതാക്കള്‍ പരോക്ഷ ആണവ ചര്‍ച്ചകള്‍ നടത്തി. മറ്റൊരു റൗണ്ട് ചര്‍ച്ച ഉടന്‍ പ്രതീക്ഷിക്കുന്നതായി ഇരുപക്ഷവും പറഞ്ഞു. യുഎസ് – ഇറാന്‍ ചര്‍ച്ചകളില്‍ ബാലിസ്റ്റിക് മിസൈലുകള്‍ പരിമിതപ്പെടുത്തുന്നതും ഹിസ്ബുല്ലയും ഹൂത്തികളും പോലുള്ള ഇറാന്‍ അച്ചുതണ്ടിനുള്ള പിന്തുണ മരവിപ്പിക്കുന്നതും ഉള്‍പ്പെടണമെന്ന് നെതന്യാഹുവിന്റെ ഓഫീസ് ശനിയാഴ്ച വ്യക്തമാക്കി. ഇതിനു മറുപടിയായി, ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി ഇസ്രായിലിനെ കടന്നാക്രമിച്ചു. തങ്ങളുടെ സൈനിക ആയുധശേഖരം വികസിപ്പിക്കുകയും മേഖലയിലെ മറ്റ് രാജ്യങ്ങളെ നിരായുധീകരിക്കാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്ന ആധിപത്യ സിദ്ധാന്തമാണ് ഇസ്രായിലിന്റെതെന്ന് ഇറാന്‍ വിദേശ മന്ത്രി ചൂണ്ടികാട്ടി. ഇറാന്റെ പ്രതിരോധ ശേഷികളില്‍ ചര്‍ച്ചയില്ലെന്ന് വിദേശ മന്ത്രിയും മറ്റു ഇറാന്‍ നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ജൂണില്‍, ഇറാന്റെ ആണവ പദ്ധതിക്കെതിരായ ആക്രമണത്തില്‍ അമേരിക്ക ഇസ്രായിലിനൊപ്പം ചേര്‍ന്നു. ഇറാനെതിരായ ഏറ്റവും പ്രധാനപ്പെട്ട യു.എസ് നടപടിയായിരുന്നു ഇത്. ഖത്തറിലെ അല്‍ഉദൈദ് വ്യോമതാവളത്തില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍ തിരിച്ചടിച്ചു. യുറേനിയം സമ്പുഷ്ടീകരണവും ബാലിസ്റ്റിക് മിസൈല്‍ പദ്ധതികളും തുടര്‍ന്നാല്‍ പുതിയ ആക്രമണമുണ്ടാകുമെന്ന് അമേരിക്കയും ഇസ്രായിലും ഇറാന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.



