മനാമ– ബഹ്‌റൈന്‍ സിറോ മലബാര്‍ സൊസൈറ്റി (സിംസ്) രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സിംസ് കുടുംബങ്ങളുടെ മഹാ ഒത്തുചേരല്‍ ‘രജതാരവം’ ഫെബ്രുവരി 14ന് അദാരിയിലെ ന്യൂ സീസണ്‍ ഹാളില്‍ നടക്കും. ചടങ്ങില്‍ മുന്‍കാല ഭാരവാഹികളെ ആദരിക്കും. തുടക്കം മുതല്‍ നാളിതുവരെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന എല്ലാ ഭാരവാഹികള്‍ക്കും ‘രജതാദരവ്’ നല്‍കും. ഗള്‍ഫ് മേഖലയിലെ സിറോ മലബാര്‍ വിശ്വാസസമൂഹത്തിന്റെ അപ്പൊസ്‌തോലിക് വിസിറ്റേറ്റര്‍ ആയി പരിശുദ്ധ സിംഹാസനം നിയമിച്ച റവ. ഫാദര്‍. ജോളി വടക്കന്‍ മുഖ്യാതിഥി ആയി പങ്കെടുക്കുന്ന ചടങ്ങില്‍ ബഹ്‌റൈനില്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിടുന്ന സിംസ് അംഗങ്ങളെയും വിവാഹ ജീവിതത്തില്‍ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ പിന്നിടുന്ന ദമ്പതികളെയും ആദരിക്കും .
സിംസ് പ്രസിഡന്റ് പിടി ജോസഫ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സിംസ് ജനറല്‍ സെക്രട്ടറി നെല്‍സണ്‍ വര്‍ഗീസ്സ് സ്വാഗതം ആശംസിക്കും.
രജതജൂബിലി ജനറല്‍ കണ്‍വീനര്‍ പോള്‍ ഉറുവത്ത്, പ്രഥമ പ്രസിഡന്റ് ജോസഫ് കെ തോമസ്, കോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ബെന്നി വര്‍ഗ്ഗീസ്, ട്രഷറര്‍ ജേക്കബ് വാഴപ്പിള്ളി, വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിക്കും. സിംസ് മ്യൂസിക് ക്ലബ് അവതരിപ്പിക്കുന്ന സിറോ മലബാര്‍ പൂര്‍വ്വ കുര്‍ബാന ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ‘ഗാനസ്മൃതി’ തുടങ്ങി വിവിധ ആദ്യകാല കത്തോലിക്ക കലാരൂപങ്ങളും ചടങ്ങിന്റ്റെ ഭാഗമായി അരങ്ങേറും .ഭരണസമിതി അംഗങ്ങളായ ജോബി ജോസഫ്, ജെയ്‌സണ്‍ മഞ്ഞളി, ഷാജി സെബാസ്റ്റ്യന്‍, സോബിന്‍ ജോസ്, പ്രേംജി ജോണ്‍, സിബു ജോര്‍ജ് , ജസ്റ്റിന്‍ ഡേവിസ് തുടങ്ങിയവര്‍ രജതരാവ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. പരിപാടികളുടെ വിജയത്തിനായി 51 അംഗ കമ്മറ്റി രൂപീകരിച്ചു പ്രവര്‍ത്തിച്ചുവരുന്നു.



