ജിദ്ദ – സിറിയയിൽ പുതിയൊരു വിമാന കമ്പനി സ്ഥാപിക്കുന്നതിനായി സൗദി അറേബ്യയുടെ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസ് കരാറിൽ ഒപ്പുവെക്കാനൊരുങ്ങുന്നു. ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന മൾട്ടി ബില്യൺ ഡോളർ നിക്ഷേപ പാക്കേജിന്റെ ഭാഗമായാണ് സിറിയയിൽ പുതിയ സ്വകാര്യ വിമാന കമ്പനി സ്ഥാപിക്കാൻ സൗദി പണം നിക്ഷേപിക്കുന്നത്. ദുബൈയിൽ നടന്ന ലോക ഗവൺമെന്റ് ഉച്ചകോടിക്കിടെ സിറിയൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി മേധാവി ത്വലാൽ അൽഹിലാലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.


ഡിസംബറിൽ അമേരിക്ക സിറിയക്കെതിരായ ഉപരോധങ്ങൾ പിൻവലിച്ച ശേഷമുള്ള ഏറ്റവും വലിയ നിക്ഷേപമാണിതെന്നും 14 വർഷത്തെ ആഭ്യന്തര യുദ്ധത്തിന് ശേഷം തകർന്ന സിറിയൻ സമ്പദ്‌വ്യവസ്ഥയെ വീണ്ടെടുക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യോമയാന മേഖലയ്ക്ക് പുറമെ ടെലികമ്മ്യൂണിക്കേഷൻസ്, റിയൽ എസ്റ്റേറ്റ് രംഗങ്ങളിലും സൗദി നിക്ഷേപം നടത്തുന്നുണ്ട്. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2025 ജൂൺ 5-ന് ദമാസ്‌കസിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച ആദ്യ സൗദി വിമാന കമ്പനിയാണ് ഫ്‌ളൈ നാസ്. നിലവിൽ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിൽ നിന്ന് ആഴ്ചയിൽ 17 സർവീസുകൾ ദമാസ്‌കസിലേക്ക് ഫ്‌ളൈ നാസ് നടത്തുന്നുണ്ട്. 2030-ഓടെ 165 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ശൃംഖല വ്യാപിപ്പിക്കാനുള്ള കമ്പനിയുടെ തന്ത്രപ്രധാനമായ നീക്കങ്ങളുടെ ഭാഗം കൂടിയാണിത്.



