ജിദ്ദ – മേഖലാ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയുടെ നിലപാടില്‍ മാറ്റം വന്നതായി ചില മാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ഉന്നത സൗദി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള എല്ലാ തര്‍ക്കവിഷയങ്ങള്‍ക്കും സംഭാഷണത്തിലൂടെയും നയതന്ത്ര മാര്‍ഗങ്ങളിലൂടെയും സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണക്കുന്നു. ഇറാനെതിരായ ഏതെങ്കിലും സൈനിക നടപടികള്‍ക്ക് തങ്ങളുടെ വ്യോമാതിര്‍ത്തിയോ ഭൂപ്രദേശമോ ഉപയോഗിക്കാന്‍ സൗദി അറേബ്യ അനുവദിക്കില്ലെന്നും ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് സൗദി അറേബ്യ ഒരുനിലക്കും കൂട്ടുനില്‍ക്കില്ലെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇറാന്റെ പരമാധികാരത്തെ സൗദി അറേബ്യ മാനിക്കുന്നു. ഇറാനെതിരായ സൈനിക നടപടികള്‍ക്കോ ഏതെങ്കിലും കക്ഷിയുടെ ആക്രമണങ്ങള്‍ക്കോ സൗദി അറേബ്യയുടെ വ്യോമാതിര്‍ത്തിയോ ഭൂപ്രദേശമോ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ സൗദി കിരീടാവകാശി വ്യക്തമാക്കി. ഇറാന്‍ പ്രസിഡന്റ് സൗദി കിരീടാവകാശിയുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. മേഖലയിലെ സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കുന്ന തരത്തില്‍ തര്‍ക്കങ്ങള്‍ സംഭാഷണത്തിലൂടെ പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഏതൊരു ശ്രമത്തിനുമുള്ള സൗദി അറേബ്യയുടെ പിന്തുണ കിരീടാവകാശി വ്യക്തമാക്കി.
ഇറാനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇക്കാര്യത്തില്‍ ഇറാന്‍ ഗവണ്‍മെന്റ് നടത്തുന്ന ശ്രമങ്ങളും ആണവ ചര്‍ച്ചകളെ കുറിച്ചുള്ള പുതിയ വിവരങ്ങളും സൗദി കിരീടാവകാശിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഇറാന്‍ പ്രസിഡന്റ് വിശദീകരിച്ചു. ഇറാന്റെ പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും മാനിക്കുന്ന കാര്യത്തില്‍ സൗദി അറേബ്യയുടെ ഉറച്ച നിലപാടിനും മേഖലയില്‍ സുരക്ഷയും സ്ഥിരതയും കൈവരിക്കാന്‍ കിരീടാവകാശി നടത്തുന്ന ശ്രമങ്ങള്‍ക്കും പെസെഷ്‌കിയാന്‍ നന്ദി പറഞ്ഞു.
ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് തങ്ങളുടെ വ്യോമമേഖലയും ജലാതിര്‍ത്തിയും ഭൂപ്രദേശവും ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് യു.എ.ഇയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇറാനെതിരായ യുദ്ധത്തിന് അമേരിക്ക വലിയ തോതില്‍ കോപ്പ് കൂട്ടുന്ന പശ്ചാത്തലത്തിലാണ് ഇറാനെതിരായ ഒരു രാജ്യത്തിന്റെയും ആക്രമണത്തിന് കൂട്ടുനില്‍ക്കില്ലെന്ന് സൗദി അറേബ്യയും യു.എ.ഇയും വ്യക്തമാക്കിയത്. വിമാനവാഹിനി കപ്പലുകളും പടക്കപ്പലുകളും വ്യോമപ്രതിരോധ സംവിധാനവും മേഖലയിലേക്ക് നീക്കി അമേരിക്ക ഇറാനെതിരായ ആക്രമണത്തിന് മുന്നൊരുക്കങ്ങള്‍ നടത്തിവരികയാണ്. തങ്ങള്‍ക്കെതിരായ ഏത് ആക്രമണത്തിനും കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്.



