ജിദ്ദ – സൗദി തുറമുഖ അതോറിറ്റി മേൽനോട്ടം വഹിക്കുന്ന തുറമുഖങ്ങളിൽ 2025ൽ കണ്ടെയ്നർ നീക്കത്തിൽ 10.58 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം രാജ്യത്തെ തുറമുഖങ്ങൾ വഴി 83,17,235 കണ്ടെയ്നറുകൾ നീക്കം ചെയ്തു. 2024 ൽ 75,21,306 കണ്ടെയ്നറുകളാണ് തുറമുഖങ്ങളിൽ കൈകാര്യം ചെയ്തത്. ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്നറുകൾ 11.78 ശതമാനം തോതിൽ വർധിച്ച് 19,27,348 ആയി. 2024 ൽ ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്നറുകൾ 17,24,184 ആയിരുന്നു.
തുറമുഖങ്ങൾ വഴി കയറ്റുമതി ചെയ്ത കണ്ടെയ്നറുകളുടെ ആകെ എണ്ണം 11.72 ശതമാനം തോതിൽ വർധിച്ച് 31,46,003 ആയി. 2024 ൽ 28,16,059 കണ്ടെയ്നറുകളാണ് കയറ്റുമതി ചെയ്തത്. ഇറക്കുമതി ചെയ്ത കണ്ടെയ്നറുകളുടെ എണ്ണം 8.82 ശതമാനം തോതിൽ വർധിച്ചു. 2025 ൽ 32,43,884 കണ്ടെയ്നറുകൾ ഇറക്കുമതി ചെയ്തു. 2024 ൽ 29,81,063 കണ്ടെയ്നറുകളാണ് ഇറക്കുമതി ചെയ്തത്.
തുറമുഖങ്ങളിൽ ആകെ കൈകാര്യം ചെയ്ത ചരക്കുകൾ 1.06 ശതമാനം വർധിച്ച് 24,20,68,641 ടൺ ആയി. 2024ൽ 23,95,32,876 ടൺ ചരക്കുകളാണ് കൈകാര്യം ചെയ്തത്. കഴിഞ്ഞ വർഷം 1,20,05,735 ടൺ ജനറൽ കാർഗോയും 17,63,25,077 ടൺ ലിക്വിഡ് ബൾക്ക് കാർഗോയും 5,37,37,829 ടൺ സോളിഡ് ബൾക്ക് കാർഗോയും തുറമുഖങ്ങളിൽ കൈകാര്യം ചെയ്തു.
യാത്രക്കാരുടെ എണ്ണം 47.07 ശതമാനം തോതിൽ വർധിച്ച് 10,82,668 ആയി. 2024 ൽ 7,36,177 യാത്രക്കാരാണ് തുറമുഖങ്ങളിലൂടെ കടന്നുപോയത്.
എന്നാൽ കപ്പൽ സർവീസ് കഴിഞ്ഞ വർഷം 17.98 ശതമാനം തോതിൽ കുറഞ്ഞു. 2025 ൽ 9,508 കപ്പൽ സർവീസുകളാണ് തുറമുഖങ്ങളിൽ നടന്നത്. 2024 ൽ 11,592 കപ്പൽ സർവീസുകൾ നടന്നിരുന്നു. കഴിഞ്ഞ കൊല്ലം തുറമുഖങ്ങളിലൂടെ നീക്കം ചെയ്ത വാഹനങ്ങളുടെ എണ്ണം 4.92 ശതമാനം തോതിൽ കുറഞ്ഞ് 10,34,930 ആയി. 2024 ൽ 10,88,515 വാഹനങ്ങൾ തുറമുഖങ്ങളിലൂടെ നീക്കം ചെയ്തിരുന്നു. തുറമുഖങ്ങൾ വഴിയുള്ള കന്നുകാലി ഇറക്കുമതി 7.55 ശതമാനം തോതിൽ കുറഞ്ഞു. 89,85,389 കന്നുകാലികളെ തുറമുഖങ്ങൾ വഴി ഇറക്കുമതി ചെയ്തു. 2024 ൽ 97,19,343 കന്നുകാലികളെ ഇറക്കുമതി ചെയ്തിരുന്നു.
2025 ഡിസംബറിൽ തുറമുഖങ്ങളിൽ കണ്ടെയ്നർ നീക്കത്തിൽ 12.5 ശതമാനം വളർച്ച കൈവരിച്ചു. കഴിഞ്ഞ മാസം തുറമുഖങ്ങൾ വഴി 8,00,089 കണ്ടെയ്നറുകൾ നീക്കം ചെയ്തു. 2024 ഡിസംബറിൽ 7,11,170 കണ്ടെയ്നറുകളാണ് തുറമുഖങ്ങളിൽ കൈകാര്യം ചെയ്തത്. ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്നറുകൾ 19.25 ശതമാനം വർധിച്ച് 1,88,995 ആയി. 2024 ഡിസംബറിൽ 1,58,491 കണ്ടെയ്നറുകളാണ് സൗദി തുറമുഖങ്ങളിൽ കൈകാര്യം ചെയ്തത്.



