ന്യൂയോര്‍ക്ക് – ഗാസയില്‍ സഹായങ്ങള്‍ നല്‍കുന്ന മാനുഷിക ഏജന്‍സികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇസ്രായില്‍ അവസാനിപ്പിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. എന്‍.ജി.ഒകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കില്‍ താന്‍ വളരെയധികം ആശങ്കാകുലനാണെന്ന് ഗുട്ടെറസ് പറഞ്ഞു. ജീവന്‍ രക്ഷിക്കുന്ന മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര സര്‍ക്കാരിതര സംഘടനകള്‍ അനിവാര്യമാണ്. വെടിനിര്‍ത്തല്‍ സമയത്ത് കൈവരിച്ച ദുര്‍ബലമായ പുരോഗതിയെ ഈ വിലക്ക് ദുര്‍ബലപ്പെടുത്തും. ഹ്യുമാനിറ്റേറിയന്‍ ഏജന്‍സികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇസ്രായില്‍ പിന്‍വലിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആവശ്യപ്പെടുന്നതായി ഗുട്ടെറസിന്റെ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായിലിന്റെ ഈ നടപടി ഫലസ്തീനികള്‍ നേരിടുന്ന മാനുഷിക പ്രതിസന്ധി കൂടുതല്‍ വഷളാക്കുമെന്ന് ഗുട്ടെറസ് പറഞ്ഞു.
തങ്ങളുടെ ഫലസ്തീന്‍ ജീവനക്കാരുടെ പേരുവിവരങ്ങള്‍ അടങ്ങിയ പട്ടിക സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി പങ്കിടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച 37 വിദേശ മാനുഷിക സംഘടനകളെ ഗാസ മുനമ്പിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് ഇസ്രായേല്‍ വിലക്കി. ഫലസ്തീന്‍ പ്രദേശങ്ങളില്‍ 1,200 ജീവനക്കാരുള്ള ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സിനെയും ഇസ്രായില്‍ വിലക്കിയിട്ടുണ്ട്. എം.എസ്.എഫ് ജീവനക്കാരില്‍ ഭൂരിഭാഗവും ഗാസയിലാണ്. നിരോധനത്തില്‍ ഉള്‍പ്പെട്ട എന്‍.ജി.ഒകളോട് മാര്‍ച്ച് ഒന്നോടെ ഗാസയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ ഇസ്രായില്‍ ഉത്തരവിട്ടിട്ടുണ്ട്. ഇസ്രായിലിന്റെ ആവശ്യകതകള്‍ അന്താരാഷ്ട്ര മാനുഷിക നിയമത്തിന് വിരുദ്ധമാണെന്നും തങ്ങളുടെ സ്വാതന്ത്ര്യത്തെ അപകടപ്പെടുത്തുന്നതാണെന്നും എന്‍.ജി.ഒകള്‍ പറഞ്ഞിട്ടുണ്ട്.
ഭീകരതയെ പിന്തുണക്കുന്നുവെന്ന് ആരോപിക്കുന്ന സംഘടനകള്‍ ഫലസ്തീന്‍ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് തടയുകയാണ് പുതിയ നിയന്ത്രണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇസ്രായില്‍ പറയുന്നു. ഇസ്രായില്‍ ആസ്ഥാനമായുള്ള 18 ഇടതുപക്ഷ എന്‍.ജി.ഒകള്‍ അന്താരാഷ്ട്ര എന്‍.ജി.ഒകളെ നിരോധിക്കാനുള്ള തീരുമാനത്തെ അപലപിച്ചു. പുതിയ രജിസ്‌ട്രേഷന്‍ ചട്ടക്കൂട് സ്വാതന്ത്ര്യത്തിന്റെയും നിഷ്പക്ഷതയുടെയും അടിസ്ഥാന മാനുഷിക തത്വങ്ങളെ ലംഘിക്കുന്നതായി ഈ സംഘടനകള്‍ പറഞ്ഞു.



