ജിദ്ദ – സൗദിയിൽ തങ്ങളുടെ സ്പോൺസർഷിപ്പിനു കീഴിലുള്ള വിദേശ തൊഴിലാളികളെ മറ്റു തൊഴിലുടമകൾക്കു കീഴിൽ ജോലി ചെയ്യാനോ സ്വന്തം നിലക്ക് ജോലികളിൽ ഏർപ്പെടാനോ പുറത്തേക്ക് വിടുന്ന തൊഴിലുടമകൾക്ക് ഒരു ലക്ഷം റിയാൽ വരെ പിഴയും ആറു മാസം വരെ തടവും ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. പുതിയ തൊഴിലാളികളെ വിദേശങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്യുന്നതിന് ഇത്തരക്കാർക്ക് അഞ്ചു വർഷത്തേക്ക് വരെ വിലക്കേർപ്പെടുത്തുകയും ചെയ്യും.
തങ്ങളുടെ സ്പോൺസർഷിപ്പിനു കീഴിലുള്ള വിദേശ തൊഴിലാളികളെ മറ്റു തൊഴിലുടമകൾക്കു കീഴിൽ ജോലി ചെയ്യാനോ സ്വന്തം നിലക്ക് ജോലികളിൽ ഏർപ്പെടാനോ തൊഴിലുടമകൾ പുറത്തേക്ക് വിടുന്നത് ഇഖാമ, തൊഴിൽ നിയമ ലംഘനമാണ്. ഇഖാമ, തൊഴിൽ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.



