കുവൈത്ത് സിറ്റി – വനിതാ ശാക്തീകരണത്തിന് ഊന്നൽ നൽകിക്കൊണ്ട് കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽഅഹ്‌മദ് അൽജാബിർ അൽസ്വബാഹ് രാജ്യത്തെ പ്രധാനപ്പെട്ട ഉന്നത തസ്തികകളിൽ വനിതകളെ നിയമിച്ചു. ഈ സുപ്രധാന നീക്കത്തിലൂടെ, റബാബ് അബ്ദുല്ല മസീദ് അൽഉസൈമി അണ്ടർ സെക്രട്ടറി പദവിയോടെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) ഡയറക്ടർ ജനറലായി ചുമതലയേറ്റു. അബ്ദുല്ലത്തീഫ് അല്‍ഫൗസാന്‍, നാസര്‍ അല്‍മുതൈരി എന്നിവരെ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡയറക്ടര്‍ ജനറലിന്റെ ഡെപ്യൂട്ടിമാരായി അസിസ്റ്റന്റ് സെക്രട്ടറി റാങ്കിലും നിയമിച്ചു.


മനാല്‍ അല്‍അസ്ഫൂറിനെ കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറലായി നഗരസഭാ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി പദവിയോടെ നിയമിച്ചിട്ടുണ്ട്. ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്‍വഹാബ് അല്‍വഹീബിനെ മേജര്‍ ജനറല്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കി ആഭ്യന്തര മന്ത്രാലയത്തില്‍ അണ്ടര്‍ സെക്രട്ടറിയായി നിയമിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തില്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിമാരായി ഡോ. ഫൈസല്‍ അല്‍അദ്‌വാനി, സഅദൂന്‍ ബുആര്‍ക്കി എന്നിവരെയും അമീര്‍ നിയമിച്ചു.
തൊഴില്‍ നയങ്ങളുടെ വികസനം, തൊഴില്‍ വിപണി നിയന്ത്രിക്കല്‍, രാജ്യത്തെ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നിവ ലക്ഷ്യമിട്ടുള്ള തുടര്‍ച്ചയായ ഭരണപരമായ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ പുതിയ നിയമനങ്ങള്‍.



