ദുബൈ– തീ പിടിക്കുന്ന വസ്തു ഉപയോഗിച്ച് റോഡിൽ തീയിട്ട് പിറന്നാൾ ആഘോഷിച്ച യുവാവിനെ അറസ്റ്റ് ചെയ്തതായി ദുബൈ പോലീസ് ട്രാഫിക് വിഭാഗം ജനറൽ ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു. തന്റെ 26ാം പിറന്നാളാണ് യുവാവ് റോഡിൽ ഈ രൂപത്തിൽ ആഘോഷിച്ചത്. പിറന്നാളോഘഷത്തിന്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചയുടനെ ബന്ധപ്പെട്ട വകുപ്പിലെ സംഘങ്ങൾ വീഡിയോയുടെ ഉള്ളടക്കം വിശകലനം ചെയ്യുകയും യുവാവിനെയും സ്റ്റണ്ടിൽ ഉപയോഗിച്ച വാഹനത്തെയും തിരിച്ചറിയുകയും ചെയ്തു.ഇയാളെ വിളിച്ചുവരുത്തി നിയമനടപടികൾ സ്വീകരിച്ചതായും ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു.
യുവാവ് ഉപയോഗിച്ച വാഹനം കണ്ടുകെട്ടുകയും ഇത്തരം പ്രവൃത്തികളിലൂടെ കുപ്രസിദ്ധി നേടുന്നതിനായി പൊതു റോഡുകൾ ഉപയോഗിക്കാൻ ആരെയും ദുബൈ പോലീസ് അനുവദിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും എമിറേറ്റിലെ റോഡുകളെ സുരക്ഷിതവും അശ്രദ്ധമായ പെരുമാറ്റത്തിൽ നിന്ന് മുക്തവുമാക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
കുട്ടികളുടെ പെരുമാറ്റം നിരീക്ഷിക്കാനും, ചില പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്ന നെഗറ്റീവ് ഉള്ളടക്കം അനുകരിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അവരെ ബോധവൽക്കരിക്കാനും, ലൈക്കിനും വ്യൂസിനും വേണ്ടി സ്വന്തം ജീവിതത്തെയോ മറ്റുള്ളവരുടെ ജീവിതത്തെയോ അപകടപ്പെടുത്തുന്ന പ്രവൃത്തികളെ ന്യായീകരിക്കുന്നില്ലെന്ന് ഓർമ്മിപ്പിക്കാനും ബിൻ സുവൈദാൻ മാതാപിതാക്കളോട് ആഹ്വാനം ചെയ്തു.
ഇത്തരം അപകടകരമായ പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കാൻ അദ്ദേഹം യുവാക്കളോട് അഭ്യർത്ഥിച്ചു. ദുബൈ പോലീസ് പട്രോളിംഗും സ്മാർട്ട് മോണിറ്ററിംഗ് സംവിധാനങ്ങളും കൂടുതൽ ശക്തമാക്കുമെന്നും അത്തരം നടപടികൾ കണ്ടെത്തുന്നതിനും കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇത്തരം നിയമലംഘനങ്ങൾക്ക് 2,000 ദിർഹം വരെ പിഴ, 23 ബ്ലാക്ക് പോയിന്റുകൾ, 60 ദിവസം വരെ വാഹനങ്ങൾ കണ്ടുകെട്ടൽ എന്നീ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.



