കുവൈത്ത് സിറ്റി – അൽറയ് ഏരിയയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഭിത്തി തകർന്ന് രണ്ട് നിർമ്മാണ തൊഴിലാളികൾ മരിച്ചതായി കുവൈത്ത് ഫയർ ഫോഴ്‌സ് അറിയിച്ചു. അപകടത്തെ കുറിച്ച് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ശുവൈഖ് ഇൻഡസ്ട്രിയൽ, സെർച്ച് ആന്റ് റെസ്‌ക്യൂ, സപ്പോർട്ട് സെന്ററുകൾ എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങൾ ഉടനടി സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തിയതായി കുവൈത്ത് ഫയർ ഫോഴ്സ് പബ്ലിക് റിലേഷൻസ് ആന്റ് മീഡിയ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽഗരീബ് പത്രക്കുറിപ്പിൽ പറഞ്ഞു.
അപകട സ്ഥലത്തു നിന്ന് പുറത്തെടുത്ത മൃതദേഹങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. അപകടങ്ങൾ തടയാനും തൊഴിലാളികളുടെ ജീവൻ സംരക്ഷിക്കാനും നിർമ്മാണ സ്ഥലങ്ങളിൽ സുരക്ഷാ ചട്ടങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽഗരീബ് ഊന്നിപ്പറഞ്ഞു.



