ദുബായ്- പത്താം ക്ലാസ് ബോർഡ് പരീക്ഷകളുടെ പടിവാതിൽക്കൽ നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസത്തിന്റെ കരുത്തുപകർന്ന് ദുബായ് കെ.എം.സി.സി എജ്യുക്കേഷൻ വിംഗ് സംഘടിപ്പിച്ച ‘സ്കോർമാക്സ് 2026 – സീസൺ 2’ ശ്രദ്ധേയമായി. സെറ്റ, കാർബൺ ഗുരുകുലം എന്നിവയുമായി സഹകരിച്ച് സംഘടിപ്പിച്ച പരീക്ഷാ മുന്നൊരുക്ക ശിൽപശാലയിൽ യു.എ.ഇയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു
സി.ബി.എസ്.ഇ, കേരള സിലബസ് (എസ്.എസ്.എൽ.സി) വിഭാഗങ്ങളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ഒരുക്കിയ പ്രോഗ്രാമിൽ ദുബായ്, ഷാർജ, അജ്മാൻ, അബുദാബി എമിറേറ്റുകളിലെ 36-ഓളം സ്കൂളുകളിൽ നിന്നുള്ള പഠിതാക്കൾ പങ്കെടുത്തു.
പരീക്ഷാ തയ്യാറെടുപ്പുകൾക്ക് ഏറെ ഉപകരിക്കുന്ന റിവിഷൻ കിറ്റുകൾ ചടങ്ങിൽ സൗജന്യമായി വിതരണം ചെയ്തു. വിദ്യാർത്ഥികൾക്കൊപ്പം അവരുടെ മാതാപിതാക്കൾക്കായി പ്രത്യേക പാരന്റിംഗ് സെഷനും സംഘടിപ്പിച്ചിരുന്നു. 2026 ജനുവരി 3-ന് നടന്ന ആദ്യ സീസണിന്റെ വൻ വിജയത്തിന് തുടർച്ചയായാണ് ഈ രണ്ടാം സീസൺ ഒരുക്കിയത്.
പ്രവാസി വിദ്യാർത്ഥികളുടെ അക്കാദമിക മികവിനും മാനസിക വളർച്ചയ്ക്കും താങ്ങായി നിൽക്കുക എന്ന സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ദുബായ് കെ.എം.സി.സി എജ്യുക്കേഷൻ വിംഗ് ഇത്തരം സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്നത്.
അബു വസീം, ഷഹീർ പറമ്പിൽ, ഷാന മർഫി, നിംമ്ന എൻ., ഫാത്വിമ സിസ്നി കെ., സീതൾ എക്സാവിയർ, തമന്ന തസ്നീം, റീന സലീം എന്നിവർ വിവിധ വിഷയങ്ങളിൽ സെഷനുകൾ കൈകാര്യം ചെയ്തു. എജ്യുക്കേഷൻ വിംഗ് ചെയർമാൻ കെ.പി. എ. സലാം അധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറി റഈസ് തലശ്ശേരി ചടങ്ങിൽ സംബന്ധിച്ചു. സയ്യിദ് ജലീൽ മഷ്ഹൂർ തങ്ങൾ, ജാഫർ മാസ്റ്റർ എന്നിവർ ശിൽപശാലയുടെ ആമുഖ പ്രഭാഷണം നടത്തി.
ഷിബു കാസിം, നൗഷാദ് മാസ്റ്റർ, ഫൈസൽ മുഹ്സിൻ, കെ.എം. ഹംസ നടുവണ്ണൂർ, സഫിയ മൊയ്തീൻ, റാബിയ സത്താർ, ഖമറുന്നിസ, നിലോഫർ, സാജിത ഫൈസൽ, അബീന സിറാജുദ്ദീൻ, ഫാത്വിമ ജ്യൂവൽ, ഡോ. ഹാഷിമ, ജുവൈരിയ്യ ടീച്ചർ, ഫാത്വിമ ഫൈസൽ, ഷഹാന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ കൺവീനർ സമദ് ചാമക്കാല സ്വാഗതവും അബ്ദുസമദ് എറണാകുളം നന്ദിയും രേഖപ്പെടുത്തി.



