കണ്ണൂർ – രാഹുൽ ഗാന്ധി, ആർ.എസ്.എസിൻ്റെ അടുപ്പക്കാരനാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ പി ജയരാജൻ. ബി.ജെ.പിയുടെ ആർ.എസ്.എസിന്റെയും മനസ്സറിയുന്ന നേതാവാണ് രാഹുൽ ഗാന്ധി. അവരോട് ഇത്രയും അടുപ്പമുള്ള മറ്റൊരു നേതാവില്ല. രാഹുലിന് പക്വതയില്ല. അതുകൊണ്ട് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ രാഹുലിനെ ഉപദേശിക്കണം. – ജയരാജൻ പറഞ്ഞു.
വിദേശത്ത് നിന്ന് ഇറക്കിയ പാൽപ്പൊടി കുടിച്ച് വളർന്ന നേതാവല്ല പിണറായി. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് വളർന്നു വന്ന നേതാവാണ്. പിണറായി വിജയന്റെ തലവെട്ടാൻ ആഹ്വാനം ചെയ്തവരാണ് ആർ.എസ്.എസ്. നാഷണൽ ഹെറാൾഡ് കേസിൽ എന്തുകൊണ്ട് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യുന്നില്ല. ബി.ജെ.പിക്ക് മുന്നിൽ സാഷ്ടാംഗം നമസ്ക്കരിക്കുകയാണ് പ്രിയങ്കയും രാഹുലും. ഇൻഡ്യ സഖ്യത്തെ ദുർബലപ്പെടുത്തുന്നതാണ് രാഹുലിന്റെ പ്രതികരണം അത് ബിജെപിക്ക് വേണ്ടിയാണ്. – ഇ പി ജയരാജൻ കുറ്റപ്പെടുത്തി.
മോദി, കരുവന്നൂരിലെയോ തൃശൂരിലെയോ പ്രധാനമന്ത്രിയല്ല, ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. ഇക്കാര്യം ഓർമ്മ വേണം. – ജയരാജൻ പറഞ്ഞു. കല്യാശേരിയിലെ വോട്ട് വിവാദത്തിൽ എന്താണ് സംഭവിച്ചത് എന്നറിയില്ല. നീതിപൂർവ്വകമായി തിരഞ്ഞെടുപ്പ് നടക്കണം. വോട്ടറായ ആയ ദേവകിക്ക് കണ്ണു കാണില്ല അതുകൊണ്ടാണ് ബ്രാഞ്ച് സെക്രട്ടറി സഹായിച്ചത്. ഞങ്ങൾക്ക് ഒരു ഭയപ്പാടുമില്ല. ഭയമുള്ളവരാണ് പേടിച്ച് നിലവിളിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഈ ചെറിയ സംഭവത്തെ ചൂണ്ടിക്കാട്ടി കേരളം മുഴുവൻ ഇങ്ങിനെയാണെന്ന് പറയുന്നതെന്നും ഇപി ജയരാജൻ പറഞ്ഞു.