ഗാസ – ഗാസയിൽ ഇസ്രായില്‍ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ തുടരുന്നതായി യു.എന്‍ വിദഗ്ധര്‍. ഒക്ടോബര്‍ 11 മുതല്‍ 393 തവണ ഇസ്രായില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണങ്ങള്‍ നടത്തിയെന്നാണ് ഇവർ വ്യക്തമാക്കി. ആക്രമണത്തിൽ ഏഴുപതിലേറെ കുട്ടികള്‍ ഉള്‍പ്പെടെ 339 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 871 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യു.എന്‍ വിദഗ്ധര്‍ പറഞ്ഞു. ഗാസക്കെതിരായ ആക്രമണങ്ങള്‍ ഉടനടി നിര്‍ത്തണമെന്നും സഹായങ്ങള്‍ തടസ്സമില്ലാതെ പ്രവേശിക്കുന്നത് ഉറപ്പാക്കണമെന്നും ഇരുപത്തിയേഴ് യു.എന്‍ മനുഷ്യാവകാശ റിപ്പോര്‍ട്ടര്‍മാര്‍ ആവശ്യപ്പെട്ടു.
വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം സമ്മതിച്ച പ്രതിദിനം 600 ട്രക്ക് ലോഡ് സഹായവസ്തുക്കള്‍ ഇതു വരെ എത്തിക്കാൻ സാധിച്ചിട്ടില്ല. മെഡിക്കല്‍ വസ്തുക്കള്‍, ഉപകരണങ്ങള്‍, പ്രവര്‍ത്തന പിന്തുണ എന്നിവയുടെ കുറവ് കാരണം ആശുപത്രികള്‍ ഭാഗികമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. സുരക്ഷ ഉറപ്പാക്കുക, രോഗികള്‍ക്കും പരിക്കേറ്റവര്‍ക്കും ചികിത്സ ഉറപ്പാക്കുക, സ്വതന്ത്രമായ അന്താരാഷ്ട്ര അന്വേഷണങ്ങള്‍ ഉറപ്പാക്കുക, സ്ഥിതി വഷളാകുകയാണെങ്കില്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള ഇടപെടല്‍ പരിഗണിക്കുക എന്നിവ അടക്കമുള്ള അടിയന്തിര നടപടികള്‍ ആവശ്യമാണെന്നും യു.എന്‍ റിപ്പോര്‍ട്ടര്‍മാര്‍ അറിയിച്ചു.



