വാഷിംഗ്ടണ്‍ – നിര്‍മിതബുദ്ധി മേഖലയില്‍ സഹകരണം ശക്തമാക്കാന്‍ മുന്‍നിര അമേരിക്കന്‍ എ.ഐ കമ്പനികളുമായി സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി ഏഴു കരാറുകള്‍ ഒപ്പുവെച്ചു. പ്രധാന യു.എസ്, സൗദി കമ്പനികളുടെ നേതാക്കള്‍ പങ്കെടുത്ത സൗദി-യു.എസ് നിക്ഷേപ ഫോറത്തിനിടെയാണ് ഡാറ്റയിലും കൃത്രിമ ഇന്റലിജന്‍സിലും വൈദഗ്ധ്യം നേടിയ അമേരിക്കന്‍ കമ്പനികളുമായി സൗദി അതോറിറ്റി കരാറുകള്‍ ഒപ്പുവെച്ചത്.
സെര്‍വര്‍ സൊല്യൂഷനുകളിലും ഡാറ്റാ സെന്റര്‍ രൂപകല്‍പ്പനയിലും വൈദഗ്ധ്യം കൈമാറാനും ഇവന്റുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കാനും ഇ-ലേണിംഗ് ഉള്ളടക്കം വികസിപ്പിക്കാനുമായി സൂപ്പര്‍മൈക്രോ കമ്പനിയുമായുള്ള കരാറില്‍ സൗദി എ.ഐ അതോറിറ്റി പ്രസിഡന്റ് ഡോ. അബ്ദുല്ല അല്‍ഗാംദി ഒപ്പുവെച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചും എ.ഐ ഇന്‍ഫ്രാസ്ട്രക്ചറുമായി ബന്ധപ്പെട്ട മികച്ച രീതികള്‍ നടപ്പാക്കിയും ദേശീയ ശേഷികള്‍ വികസിപ്പിച്ചും അറിവ് കൈമാറ്റം പിന്തുണച്ചും എ.ഐ പരിഹാരങ്ങള്‍ സ്വീകരിക്കുന്നത് ത്വരിതപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഡെല്ലുമായി മറ്റൊരു കരാറും ഒപ്പുവെച്ചിട്ടുണ്ട്. സംയുക്ത നേതൃത്വ സംരംഭങ്ങള്‍, ഡാറ്റ, എ.ഐ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കല്‍, കമ്മ്യൂണിറ്റി അവബോധം വളര്‍ത്തല്‍, തൊഴില്‍ ശക്തി പരിവര്‍ത്തനത്തെയും സന്നദ്ധതയെയും പിന്തുണല്‍ എന്നിവയിലൂടെ നിര്‍മിതബുദ്ധി മേഖലയില്‍ ദേശീയ, നേതൃത്വ ശേഷികള്‍ വളര്‍ത്തിയെടുക്കുന്നതില്‍ വൈദഗ്ധ്യം കൈമാറാനായി ആക്സഞ്ചര്‍ കമ്പനിയുമായും കരാര്‍ ഒപ്പുവെച്ചു. കൂടാതെ വിവിധ ആവശ്യങ്ങൾ മുന്നിൽ കണ്ട് സിസ്‌കോ, ബൂമി കമ്പനി, ഗിറ്റ്‌ലാബ്, സാംബനോവ എന്നീ കമ്പനികളുമായും കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്.
ഡാറ്റാധിഷ്ഠിത, എ.ഐ-പവേര്‍ഡ് സമ്പദ് വ്യവസ്ഥകളില്‍ സൗദി അറേബ്യയുടെ സ്ഥാനം ഉയര്‍ത്താന്‍ സഹായിക്കുന്ന നിലക്ക്, ഡാറ്റ, നിര്‍മിതബുദ്ധി മേഖലയിലെ പ്രമുഖ അമേരിക്കന്‍ കമ്പനികളുമായി അന്താരാഷ്ട്ര സഹകരണവും വൈദഗ്ധ്യ കൈമാറ്റവും വര്‍ധിപ്പിക്കാനും ദേശീയ ഡിജിറ്റല്‍ പരിവര്‍ത്തനത്തെ പിന്തുണക്കാനും മനുഷ്യ മൂലധനം ശാക്തീകരിക്കാനും സാങ്കേതിക ശേഷികള്‍ വികസിപ്പിക്കാനും, അറിവ് കൈമാറ്റത്തിനും നൈപുണ്യ വികസനത്തിനും സഹായിക്കുന്ന തന്ത്രപരമായ പങ്കാളിത്തങ്ങള്‍ വികസിപ്പിക്കാനുമുള്ള സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ കരാറുകള്‍.



