തെഹ്റാന് – തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ ബന്ദര്‍ അബ്ബാസ്, ജാസ്ക്, സിരിക്, ഖെഷം ദ്വീപ് എന്നിവിടങ്ങളില്‍ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജാസ്ക് തുറമുഖത്തിലെ ഒരു കേന്ദ്രം ലക്ഷ്യമിട്ടുള്ള ആക്രമണം ഔദ്യോഗിക സ്രോതസ്സുകളെ ഉദ്ധരിച്ച് ഇറാന് വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. സ്ഥലത്തിന്റെ സ്വഭാവമോ നാശനഷ്ടത്തിന്റെ വ്യാപ്തിയോ ഏജന്‍സി വ്യക്തമാക്കിയില്ല. സ്ഫോടനങ്ങളുടെ ഉറവിടം സംബന്ധിച്ച് ഇറാന് ഔദ്യോഗിക പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല.
ശനിയാഴ്ച ഖെഷം ദ്വീപില്‍ രണ്ട് മിസൈലുകള്‍ പതിച്ചതായി റെവല്യൂഷണറി ഗാര്‍ഡിനു കീഴിലെ തസ്നീം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നുമില്ല. ദിവസങ്ങള്‍ക്കു മുമ്പ് ഖെഷം ദ്വീപില്‍ അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു. പരിമിതമായ ആക്രമണങ്ങളാണ് നടത്തിയതെന്നും വലിയ തോതിലുള്ള സൈനിക നടപടികള്‍ പുനരാരംഭിച്ചിട്ടില്ലെന്നും മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന് പറഞ്ഞു.
അതിനിടെ, ഒമാന്‍ ഉള്‍ക്കടലില്‍ സെന്റ് കിറ്റ്സ് പതാക വഹിച്ച ചരക്ക് കപ്പലായ എം.വി ഹുദയെ പ്രവര്‍ത്തനരഹിതമാക്കിയതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
കപ്പല്‍ ജീവനക്കാര്‍ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ച്, ഇറാനെതിരെ ഏര്‍പ്പെടുത്തിയ നാവിക ഉപരോധം ലംഘിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് കപ്പല്‍ ആക്രമിച്ചത്. ആക്രമിക്കാന്‍ ഉദ്ദേശിക്കുന്ന ഭാഗങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ കപ്പല്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്കിയ ശേഷമാണ് യു.എസ് സൈനിക വിമാനം കപ്പലിന്റെ അമരത്ത് കൃത്യതയുള്ള യുദ്ധോപകരണങ്ങള്‍ പ്രയോഗിച്ച് ആക്രമണം നടത്തി അത് പ്രവര്‍ത്തനരഹിതമാക്കിയതെന്ന് സെന്‍ട്രല്‍ കമാന്‍ഡ് വിശദീകരിച്ചു. ഇറാന് പ്രദേശിക ജലാതിര്‍ത്തി വിടാന്‍ ശ്രമിക്കുന്നതിന് മുമ്പ് കപ്പല്‍ ഒരു ഇറാന് തുറമുഖം സന്ദര്‍ശിച്ചിരുന്നുവെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് കൂട്ടിച്ചേര്‍ത്തു.



