റിയാദ്– പ്രകാശ കല കൊണ്ട് ചിത്ര രചന വിസ്മയങ്ങള്‍ തീര്‍ത്ത് റിയാദ് നഗരം നാളെ മുതല്‍ പ്രകാശ പൂരിതമാകും. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ഡിസംബര്‍ ആറ് വൈകുന്നേരം വരെ ഒരു കണ്ണിമവെട്ടല്‍ എന്ന ലേബലില്‍ നടക്കുന്ന അഞ്ചാമത് നൂര്‍ റിയാദ് ആഘോഷം തലസ്ഥാന നഗരത്തെ ബഹുവര്‍ണശോഭയണിയിക്കും.
റിയാദിന്റെ ദ്രുതഗതിയിലുള്ള പരിവര്‍ത്തനത്തിന്റെ ആഘോഷമാണ് നൂര്‍ റിയാദ് 2025. പരസ്പരബന്ധിതമായ ആഖ്യാനങ്ങളിലൂടെ ശാസ്ത്രം, സാങ്കേതികവിദ്യ, വികസനം എന്നിവ തലസ്ഥാന നഗരം സ്വീകരിച്ചതിനെ പ്രതിഫലിപ്പിക്കുന്ന ഒരു ദൃശ്യ മേളക്കൊഴുപ്പാണിത്. ബത്ഹയിലെ കിംഗ് അബ്ദുല്‍ അസീസ് ഹിസ്‌റ്റോറിക്കല്‍ സെന്ററില്‍ പ്രകാശ ശില്പങ്ങള്‍ പുരാതന വാസ്തുവിദ്യയുമായി സംവദിക്കുകയും സമ്പന്നമായ ഭൂതകാലത്തെ ഊര്‍ജ്ജസ്വലമായ വര്‍ത്തമാനകാലവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന പ്രദര്‍ശനങ്ങള്‍ അരങ്ങേറും. ഇതിന്നായി ഇവിടെ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ആധുനിക ജീവിതത്തിന്റെ താളവും വേഗതയും പ്രതിഫലിപ്പിക്കുന്ന ലൈറ്റിംഗ് ഇന്‍സ്റ്റാളേഷനുകളുടെ ചൈതന്യത്തില്‍ റിയാദ് മെട്രോ നാളെ മുതല്‍ തിളങ്ങും.
യാത്രക്കാരുടെ സഞ്ചാരത്തോട് പ്രതികരിക്കുന്ന കലാസൃഷ്ടികള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ രൂപാന്തരം പ്രാപിച്ച് നഗരത്തിന്റെ ത്വരിതഗതിയിലുള്ള സ്പന്ദനം പ്രകടിപ്പിക്കുന്നതാവും ഇത്. ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും സമന്വയിപ്പിക്കുന്ന യാത്രയായ നൂര്‍ റിയാദ് ലോകത്തെ ഏറ്റവും വലിയ പ്രകാശ കല ആഘോഷമാണെന്ന് ആഘോഷ സമിതി മേധാവി നൗഫ് അല്‍മുനീഫ് പറഞ്ഞു. നഗരത്തിലെ വിവിധ പാര്‍ക്കുകളും കെട്ടിടങ്ങളും ഇതിന്റെ ഭാഗമായി വൈകുന്നേരം ആറു മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ പ്രകാശിക്കും. 60 പ്രകാശകലാ വിദഗ്ധരാണ് ആഘോഷം നിയന്ത്രിക്കുന്നത്.



