ന്യൂയോര്‍ക്ക് – ഗാസയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കാന്‍ അമേരിക്ക തയാറാക്കിയ പ്രമേയം യു.എന്‍ രക്ഷാ സമിതി അംഗീകരിച്ചു. അന്താരാഷ്ട്ര സേനയെ വിന്യസിക്കലും ഫലസ്തീന്‍ രാഷ്ട്രത്തിലേക്കുള്ള പാതയും അടക്കം ഡൊണാള്‍ഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയാണ് രക്ഷാ സമിതി അംഗീകരിച്ചത്. രക്ഷാ സമിതിയിലെ പതിമൂന്ന് അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്തു. പ്രമേയം ചരിത്രപരവും സൃഷ്ടിപരവുമാണെന്ന് യു.എന്നിലെ യു.എസ് അംബാസഡര്‍ മൈക്ക് വാള്‍ട്ട്‌സ് വിശേഷിപ്പിച്ചു. റഷ്യയും ചൈനയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
അന്താരാഷ്ട്ര സ്ഥിരത സേന ഹമാസിന്റെ നിരായുധീകരണം ഉറപ്പാക്കുമെന്നും ഗാസക്കുള്ള യു.എസ് പദ്ധതി ഭീകരവാദരഹിത ഗാസ ഉറപ്പ് നല്‍കുന്നതായും വാള്‍ട്ട്‌സ് പ്രസ്താവിച്ചു. ഗാസക്കുള്ള യു.എസ് പദ്ധതി അന്താരാഷ്ട്ര നിയമാനുസൃത അതോറിറ്റിയായ സമാധാന കൗണ്‍സിലാണ് നടപ്പാക്കുക. പ്രമേയത്തിന് അറബ്, ഫലസ്തീന്‍, യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണയുണ്ട്. പ്രമേയം ഭീകരവാദത്തില്‍ നിന്ന് മുക്തമായ സ്ഥിരതയുള്ള ഗാസയുടെ തുടക്കമാണെന്നും ഐക്യരാഷ്ട്രസഭയിലെ യു.എസ് പ്രതിനിധി പറഞ്ഞു.
അതേസമയം, യു.എന്‍ രക്ഷാ സമിതി അംഗീകരിച്ച, ഗാസയെ കുറിച്ചുള്ള അമേരിക്കന്‍ പ്രമേയം ഫലസ്തീനികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെന്ന് ഹമാസ് പ്രസ്താവിച്ചു. ഗാസ മുനമ്പില്‍ അന്താരാഷ്ട്ര ട്രസ്റ്റിഷിപ്പ് സംവിധാനം പ്രമേയം അടിച്ചേല്‍പ്പിക്കുകയാണ്. ഇത് നമ്മുടെ ജനങ്ങളും സായുധ വിഭാഗങ്ങളും നിരാകരിക്കുന്നു. ഈ പ്രമേയം ഗാസ മുനമ്പിനെ മറ്റ് ഫലസ്തീന്‍ പ്രദേശങ്ങളില്‍ നിന്ന് വേര്‍പെടുത്തുകയും നമ്മുടെ ജനങ്ങളുടെ അടിസ്ഥാന തത്വങ്ങളെയും നിയമാനുസൃതമായ ദേശീയ അവകാശങ്ങളെയും അവഗണിക്കുന്നു. ഇത് നമ്മുടെ ജനങ്ങളുടെ സ്വയം നിര്‍ണയാവകാശവും ജറൂസലം തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശവും നഷ്ടപ്പെടുത്തുന്നുവെന്നും ഹമാസ് പ്രസ്താവനയില്‍ അറിയിച്ചു. ഫലസ്തീന്‍ പ്രതിരോധസേനയെ നിരായുധീകരിക്കുന്നതുള്‍പ്പെടെയുള്ള ചുമതലകളും റോളുകളും ഗാസ മുനമ്പിലെ അന്താരാഷ്ട്ര സേനയെ ഏല്‍പിക്കുന്നത് അതിന്റെ നിഷ്പക്ഷത ഇല്ലാതാക്കുകയും ഇസ്രായിലിന് അനുകൂലമായി സംഘര്‍ഷത്തിലെ കക്ഷിയാക്കി അതിനെ മാറ്റുകയും ചെയ്യും. ഏതു വിധേനയും ഇസ്രായിലിനെ ചെറുക്കുന്നത് നിയമാനുസൃതമാണ്. നിരായുധീകരണം ഞങ്ങള്‍ നിരാകരിക്കുന്നുവെന്നും ഹമാസ് കൂട്ടിചേർത്തു.
എന്നാല്‍ യു.എസ് കരട് പ്രമേയം യു.എന്‍ രക്ഷാ സമിതി അംഗീകരിച്ചതിനെ ഫലസ്തീന്‍ രാഷ്ട്രം സ്വാഗതം ചെയ്തു. ഗാസയില്‍ സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്, ഗാസ മുനമ്പിലെ നമ്മുടെ ജനങ്ങളെ സംരക്ഷിക്കല്‍ കുടിയിറക്കം തടയല്‍, അധിനിവേശ സേനയെ പൂര്‍ണമായി പിന്‍വലിക്കല്‍, പുനര്‍നിര്‍മ്മാണം നടത്തല്‍, ദ്വിരാഷ്ട്ര പരിഹാരത്തെ ദുര്‍ബലപ്പെടുത്തുന്നത് തടയല്‍, ഫലസ്തീന്‍ പ്രദേശങ്ങള്‍ ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കല്‍ തടയല്‍ എന്നിവ ഉറപ്പാക്കുന്ന നിലക്ക് പ്രമേയം ഉടനടി നടപ്പാക്കണമെന്ന് ഫലസ്തീന്‍ രാഷ്ട്രം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. യു.എസ് ഭരണകൂടവുമായും രക്ഷാ സമിതി അംഗങ്ങളുമായും ന്യൂയോര്‍ക്ക് പ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ട അറബ്, ഇസ്‌ലാമിക രാഷ്ട്രങ്ങളുമായും യൂറോപ്യന്‍ യൂണിയനുമായും സഹകരിക്കാനുള്ള പൂര്‍ണ സന്നദ്ധതയും ഫലസ്തീന്‍ രാഷ്ട്രം പ്രകടിപ്പിച്ചു. ഗാസ മുനമ്പിനെ ഫലസ്തീന്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമായി കണക്കാക്കി, ഭൂമിയുടെയും ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും ഐക്യത്തിന്റെ ചട്ടക്കൂടിനുള്ളില്‍, ഗാസ മുനമ്പില്‍ പൂര്‍ണ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള സന്നദ്ധത ഫലസ്തീന്‍ രാഷ്ട്രം ആവര്‍ത്തിച്ചു.
അതിര്‍ത്തി പ്രദേശങ്ങള്‍ സുരക്ഷിതമാക്കാനും ഗാസ മുനമ്പിനെ നിരായുധീകരിക്കാനും ഇസ്രായില്‍, ഈജിപ്ത്, പുതുതായി പരിശീലനം ലഭിച്ച ഫലസ്തീന്‍ പോലീസ് എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അന്താരാഷ്ട്ര സ്ഥിരത സേന സ്ഥാപിക്കാന്‍ പ്രമേയം അനുവദിക്കുന്നു. അനൗദ്യോഗിക സായുധ ഗ്രൂപ്പുകളുടെ സ്ഥിരമായ നിരായുധീകരണം, സാധാരണക്കാരെ സംരക്ഷിക്കല്‍, മാനുഷിക ഇടനാഴികള്‍ സ്ഥാപിക്കല്‍ എന്നിവക്ക് അന്താരാഷ്ട്ര സ്ഥിരത സേന പ്രവര്‍ത്തിക്കും. 2027 അവസാനം വരെ നീണ്ടുനില്‍ക്കുന്ന ഗാസക്കായുള്ള ഇടക്കാല ഭരണസമിതിയായ സമാധാന കൗണ്‍സില്‍ രൂപീകരിക്കാനും പ്രമേയം അനുവദിക്കുന്നു. മുന്‍ കരടുരേഖകളില്‍ നിന്ന് വ്യത്യസ്തമായി, ഭാവിയിലെ ഫലസ്തീന്‍ രാഷ്ട്രത്തിന്റെ സാധ്യതയെ കുറിച്ചും പ്രമേയം പരാമര്‍ശിക്കുന്നുണ്ട്.



