ദോഹ – ഫലസ്തീന്‍ ജനതക്ക് അവരുടെ ന്യായമായ അവകാശങ്ങള്‍ ലഭിക്കാതെ മേഖലക്ക് സുരക്ഷയും സമാധാനവും ലഭിക്കില്ലെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ഥാനി പറഞ്ഞു. ഖത്തറിനെതിരായ ഇസ്രായില്‍ ആക്രമണം വിശകലനം ചെയ്യാനും ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ അംഗീകരിക്കാനും ദോഹയില്‍ നടക്കുന്ന അടിയന്തിര അറബ്-ഇസ്‌ലാമിക് ഉച്ചകോടിക്കുള്ള വിദേശ മന്ത്രിമാരുടെ തയ്യാറെടുപ്പ് യോഗത്തില്‍ അധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു ഖത്തര്‍ പ്രധാനമന്ത്രി. ഖത്തറിന്റെ പരമാധികാരത്തിനു നേരെയുള്ള ആക്രമണം അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളുടെയും നയതന്ത്രപരവും ധാര്‍മികവുമായ മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണ്. അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നത്. ഇത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇസ്രായിലിനെ അവര്‍ ചെയ്ത എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ശിക്ഷിക്കേണ്ട സമയമാണിത്.
ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ ഈജിപ്തുമായും അമേരിക്കയുമായും ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങളില്‍ നിന്ന് ഇസ്രായിലിന്റെ ചെയ്തികള്‍ ഖത്തറിനെ പിന്തിരിപ്പിക്കില്ല. പരമാധികാര ലംഘനം ഖത്തര്‍ അനുവദിക്കില്ല. ഇസ്രായില്‍ ആക്രമണം ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചാ പ്രക്രിയയെ തടസ്സപ്പെടുത്താന്‍ മാത്രമേ സഹായിക്കുകയുള്ളൂ.
ഇസ്രായിലിന്റെ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള അന്താരാഷ്ട്ര മൗനത്തെ ഖത്തര്‍ പ്രധാനമന്ത്രി അപലപിച്ചു. അന്താരാഷ്ട്ര സമൂഹത്തിന് ഇസ്രായിലിനോട് കണക്കു ചോദിക്കാന്‍ കഴിയാത്തതാണ് ഇസ്രായിലിനെ ക്രൂരത തുടരാന്‍ പ്രേരിപ്പിക്കുന്നത്. ഖത്തറിലെ ഇസ്രായില്‍ ആക്രമണം വീണ്ടുവിചാരമില്ലാത്തതും വഞ്ചനയുമാണ്. ഇത് ഒരു പ്രത്യേക സ്ഥലത്തിനു നേരെയുള്ള ആക്രമണമല്ല. മറിച്ച്, മധ്യസ്ഥതക്കെതിരായ ആക്രമണമാണ്. ഗാസ വെടിനിര്‍ത്തലും ബന്ദി മോചനവുമായും ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്.
ദോഹയിലെ ഇസ്രായിലി ആക്രമണത്തെ രാഷ്ട്ര ഭീകരതയായി മാത്രമേ വിശേഷിപ്പിക്കാന്‍ കഴിയുകയുള്ളൂ. ഇസ്രായില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്നത് ദോഹയിലെ ക്രൂരമായ ആക്രമണത്തില്‍ പ്രകടമാകുന്നു. ഇസ്രായിലിനെ അപലപിക്കാനും ഖത്തറിനെ പിന്തുണക്കാനുമുള്ള യു.എന്‍ രക്ഷാ സമിതിയിലെ അന്താരാഷ്ട്ര സമവായത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. ഈ ക്രൂരമായ ആക്രമണത്തിന് മുന്നില്‍ നാം നിശബ്ദത പാലിക്കുകയോ അലംഭാവം കാണിക്കുകയോ ചെയ്യരുത്. ഒരു സീമന്തരേഖയും തങ്ങള്‍ പാലിക്കില്ല എന്ന സന്ദേശമാണ് ഇസ്രായില്‍ നല്‍കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച ഖത്തറിനെതിരായ ഇസ്രായില്‍ ആക്രമണത്തെ കുറിച്ചുള്ള കരട് പ്രസ്താവന യോഗം ചര്‍ച്ച ചെയ്തു. നാളെ ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന അടിയന്തിര അറബ്-ഇസ്‌ലാമിക് ഉച്ചകോടിയില്‍ ഈ പ്രമേയം അവതരിപ്പിക്കും. ചൊവ്വാഴ്ച ദോഹയില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് ഹമാസ് അംഗങ്ങളും ഖത്തര്‍ സുരക്ഷാ സേനയിലെ ഒരു ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു.