ജിസാൻ– സബിയയിൽ ജൂലായ് 27 ന് പെട്രോൾ ബങ്കിലുണ്ടായ തീപ്പിടുത്തത്തിൽ പൊള്ളലേറ്റ് മരിച്ച കൊല്ലം കൊട്ടാരക്കര പുത്തൂർ സ്വദേശി ബിജിൻലാൽ ബിജു(29) വിൻറെ മൃതദേഹം ‘ജല’ പ്രവർത്തകരുടെ സഹായത്തോടെ ജിസാനിൽ നിന്ന് നാട്ടിലേക്കയച്ചു.
അബൂഅരീഷ് കിംഗ് ഫഹദ് സ്പെഷ്യാലിറ്റി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെ ജിസാൻ വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ സഹപ്രവർത്തകരും ജല പ്രവർത്തകരുമടക്കം നിരവധി പേർ എത്തിയിരുന്നു. ജിസാനിൽ നിന്ന് റിയാദ് വഴി സൗദി എയർലൈൻസ് വിമാനത്തിൽ വെള്ളിയാഴ്ച്ച രാത്രി കൊച്ചിയിലെത്തിക്കുന്ന മൃതദേഹം വിമാനത്താവളത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങും. സ്വദേശമായ പുത്തൂരിലെ വീട്ടുവളപ്പിൽ ശനിഴാഴ്‌ച രാവിലെ മൃതദേഹം സംസ്‌കരിക്കും.
സബിയ സാസ്‌കൊ കമ്പനിയിലെ ടെക്‌നീഷ്യനായിരുന്ന ബിജിൻ ലാൽ പെട്രോൾബങ്കിലെ ടാങ്കിലെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയാണ് തീപ്പിടുപ്പമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ ബിജിൻ ലാലിനെ ആദ്യം സബിയ ജനറൽ ആശുപത്രിയിലും പിന്നീട് അബുഅരീഷ് കിംഗ് ഫഹദ് സ്പെഷ്യാലിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. കിംഗ് ഫഹദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
അപകട മരണമായതിനാൽ പോലീസിൻറെ നിർദ്ദേശപ്രകാരം ജിസാൻ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം നാട്ടിലയക്കാനുള്ള അന്തിമ അനുമതി ലഭിച്ചത്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗം താഹ കൊല്ലേത്തിൻറെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കിയത്. കമ്പനിയുമായി ബന്ധപ്പെട്ട് ‘ജല’യുടെ കേന്ദ്രകമ്മിറ്റി ഭാരവാഹിളായ സണ്ണി ഓതറ, സലാം കൂട്ടായി, ഫൈസൽ മേലാറ്റൂർ, അനീഷ് നായർ, യൂണിറ്റ് ഭാവരവാഹികളായ സഞ്ജീവൻ ചെങ്ങന്നൂർ, വിപിൻ എന്നിവരാണ് മൃതദേഹം നാട്ടിലയക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും നൽകിയത്. നിയമ നടപടികൾ പൂർത്തിയാക്കാൻ ബിജിൻലാലിൻറെ സഹപ്രവർത്തകനായ രാജ കാളിദാസനെ ബന്ധുക്കൾ മുക്ത്യാർ പത്രംമുഖേനെ ചുമതലപ്പെടുത്തിയിരുന്നു.
കഴിഞ്ഞ രണ്ടു വർഷമായി ജിസാനിൽ ജോലി ചെയ്യുന്ന ബിജിൻ ലാൽ അവിവാഹിതനാണ്. കൊട്ടാരക്കര പുത്തൂർ മൈലോംകുളം മൊട്ടക്കുന്നിൽ ബിജുവിൻ്റെയും ഉഷാകുമാരിയുടെയും മകനാണ്. ഏക സഹോദരി ബിന്ദുജമോൾ വിവാഹിതയാണ്.