ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം പ്രകടന പത്രിക പുറത്തിറക്കി. പൗരത്വ ഭേദഗതി നിയമം അസാധുവാക്കും. ഗവർണർ നിയമനത്തിന് സമിതിയെ നിയോഗിക്കുമെന്നും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം റദ്ദാക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു.
കേന്ദ്ര നികുതിയിൽ അന്‍പതു ശതമാനം സംസ്ഥാനങ്ങൾക്ക് നൽകുമെന്നാണ് പ്രധാന വാഗ്ദാനം. ഗവർണർമാര്‍ ആരാകണമെന്നതു സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രി നിർദേശിക്കുന്ന മൂന്നംഗ സമിതിക്കു വിടും. സര്‍ക്കാര്‍ മേഖലയിലേതിന് സമാനമായ രീതിയിൽ സ്വകാര്യ രംഗത്തും സംവരണം ഏർപ്പെടുത്തും.
ജാതി സെൻസസ് നടപ്പാക്കും. തെരഞ്ഞെടുപ്പിൽ പാർട്ടികൾക്ക് സർക്കാർ ഫണ്ട് ഏർപ്പെടു ത്തും. കോർപ്പറേറ്റ് സംഭാവന നിരോധിക്കുമെന്നും സിപിഎം വ്യക്തമാക്കി. തൊഴിലുറപ്പ് കൂലി ഇരട്ടിയാക്കും. ജമ്മുകാഷ്മീരിന്റെ സംസ്ഥാന പദവി തിരികെ നൽകി തെരഞ്ഞെടുപ്പ് നടത്തും.
സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങൾ പുനഃസ്ഥാപിക്കുമെന്നും പ്രകടന പത്രികയിലുണ്ട്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗങ്ങളും ചേർന്നാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്.