കുവൈത്ത് സിറ്റി- കുവൈത്തില്‍ ഇറാന് ഇന്ന് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്നു പ്രവാസികള്‍ അടക്കം നാലു പേര്‍ക്ക് പരിക്കേറ്റതായി കുവൈത്ത് പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ സൗദ് അബ്ദുല്‍ അസീസ് അല്‍അത്വാന്‍ അറിയിച്ചു.
കുവൈത്ത് വ്യോമമേഖലയില്‍ ഏതാനും ഡ്രോണുകള്‍ കുവൈത്ത് സായുധ സേന കണ്ടെത്തുകയും അവ തടഞ്ഞ് തകര്‍ക്കുകയും ചെയ്തു. രാജ്യത്തെ സുപ്രധാന കേന്ദ്രത്തില്‍ ആക്രമണം നടത്താനാണ് ഇറാന് ശ്രമിച്ചത്. ഡ്രോണുകള്‍ തടഞ്ഞ് തകര്‍ത്തതിന്റെ ഫലമായി അവശിഷ്ടങ്ങള്‍ പതിച്ച് ഒരു കുവൈത്ത് പൗരന്, രണ്ട് ഇറ്റാലിയന്‍ പൗരന്മാര്, ഒരു പാകിസ്ഥാന് പൗരന് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവം ഭൗതിക നാശനഷ്ടങ്ങള്‍ക്കും കാരണമായി.
പൗരന്മാരുടെയും രാജ്യത്ത് കഴിയുന്ന പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കാനും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാനും ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിച്ച് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് സായുധസേന വ്യക്തമാക്കി.



