കോഴിക്കോട്– 1986 ൽ നടത്തിയ കൊലപാതകത്തെക്കുറിച്ചു പൊലീസിനു മൊഴിനൽകിയ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തൽ കൂടി, 1989 ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽ വച്ചും ഒരാളെ കൊന്നുവെന്നാണു മൊഴി.
ഈ വെളിപ്പെടുത്തലുമായി സാമ്യമുള്ള കേസ് 1989 സെപ്റ്റംബർ 24നു നടക്കാവ് പൊലീസ് സ്‌റ്റേഷനിൽ റജിസ്‌റ്റർ ചെയ്തിരുന്നതായും കണ്ടെത്തി. കടപ്പുറത്ത് യുവാവിൻ്റെ അജ്‌ഞാത മൃതദേഹം കണ്ടെത്തിയ വാർത്ത പിറ്റേന്ന് മലയാള മനോരമയിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ടൗൺ അസിസ്‌റ്റൻ്റ് കമ്മിഷണർ ടി.കെ.അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് കേസിൽ അന്വേഷണം തുടങ്ങി.
ആദ്യ കൊലപാതകത്തിന് ശേഷം കോഴിക്കോട് ജോലി ചെയ്യുന്ന കാലത്ത് തന്റെ പണം തട്ടിപ്പറിച്ച ഒരാളെ സുഹൃത്തായ കഞ്ചാവ് ബാബുവിന്റെ സഹായത്തോടെ ശ്വാസം മുട്ടിച്ച് കൊന്നെന്നാണ് വെളിപ്പെടുത്തൽ. വെള്ളയിൽ വെച്ചാണ് കൊലപാതകം നടത്തിയതെന്നും മുഹമ്മദലി മൊഴി നൽകിയിട്ടുണ്ട്. രണ്ടാമത്തെ കൊലപാതകത്തെക്കുറിച്ച് മുഹമ്മദലി പറയുന്നതിങ്ങനെ: ‘കൂടരഞ്ഞിയിലെ സംഭവത്തിനുശേഷം കോഴിക്കോട്ടുവന്ന് ഹോട്ടലിലും മറ്റും ജോലി ചെയ്തു ജീവിച്ചിരുന്ന കാലത്ത് ഒരാൾ പണം തട്ടിപ്പറിച്ചു. അയാൾ വെള്ളയിൽ ബീച്ച് പരിസരത്തുള്ളതായി കുറച്ചു ദിവസങ്ങൾക്കുശേഷം സുഹൃത്ത് കഞ്ചാവ് ബാബു പറഞ്ഞു. ഞങ്ങൾ രണ്ടുപേരും അങ്ങോട്ടു ചെന്ന് ഇക്കാര്യം ചോദിച്ചതോടെ തർക്കമായി. ബാബു അവനെ തല്ലിത്താഴെയിട്ട്, മണ്ണിലേക്കു മുഖം പൂഴ്ത്തിപ്പിടിച്ചു. ഞാൻ കാലിൽ പിടിത്തമിട്ടു. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം അയാളുടെ കയ്യിലെ പണം പങ്കിട്ടെടുത്ത് രണ്ടുവഴിക്കു പിരിഞ്ഞു. ബാബുവിനെ പിന്നീടു കണ്ടിട്ടില്ല. മരിച്ചത് ആരെന്നും അറിയില്ല’.
14-ാം വയസ്സിൽ കോഴിക്കോട് കൂടരഞ്ഞിയിൽ ഒരാളെ വെള്ളത്തിലേക്കു ചവിട്ടിയിട്ടു കൊന്നതായി മുഹമ്മദലി വെളിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് പരിശോധന നടത്തിയ പോലീസ് 116/86 ആയി രജിസ്റ്റർ ചെയ്‌ത കേസിൽ വീണ്ടും അന്വേഷണം തുടങ്ങുകയും കൊല നടന്ന സ്ഥലം കണ്ടെത്തുകയും ചെയ്‌തു. മരിച്ചയാൾക്ക് ജോലി നൽകിയ ആളിൽ നിന്നുൾപ്പടെ വിവരങ്ങളും ശേഖരിച്ചു. എന്നാൽ ഇരിട്ടി സ്വദേശിയെന്ന സൂചനകളല്ലാതെ മരിച്ചത് ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. രണ്ടാമത്തെ വെളിപ്പെടുത്തലിലും രേഖകൾ പരിശോധിച്ചതിൽ അജ്‌ഞാത ജഡം എന്നാണുള്ളത് എന്നതിനാൽ മരിച്ചവരെ കണ്ടെത്താൻ പലവഴികൾ തേടുകയാണ് അന്വേഷണ സംഘങ്ങൾ.
മുഹമ്മദലിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് സഹോദരൻ
വേങ്ങര സ്വദേശി മുഹമ്മദലി നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പുരോഗമിക്കുന്ന അന്വേഷണങ്ങൾക്കിടയിൽ, ഇയാൾക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് സഹോദരൻ പൗലോസ് വ്യക്തമാക്കി. മുഷമ്മദലി നിലവിൽ ചികിത്സയിലായിരിക്കുകയാണെന്നും സഹോദരൻ പറഞ്ഞു. മുന്‍പ് ആന്റണി എന്നായിരുന്നു ഇയാളുടെ പേര്. കൂടരഞ്ഞിയിൽ നിന്ന് വിവാഹം കഴിച്ച ശേഷം ഭാര്യ ഉപേക്ഷിച്ചതോടെ മലപ്പുറം വേങ്ങരയിലേക്ക് മാറുകയായിരുന്നു. പിന്നീട് രണ്ടാം വിവാഹം നടത്തി മതം മാറിയതോടെ ആന്റണിയിൽ നിന്ന് മുഹമ്മദലിയായി. കഴിഞ്ഞ 25 വർഷമായി പൗലോസ് വേങ്ങരയിലാണ് താമസിക്കുന്നത്.
കൊലപാതകമുണ്ടായതായി എന്ന് പറയപ്പെടുന്ന സമയത്ത് താനും സഹോദരനും കൂടരഞ്ഞിയിൽ ഇല്ലായിരുന്നുവെന്നും പൗലോസ് പറഞ്ഞു. താൻ അതിനിടെ പൂവാറന്തോട് ജോലി ചെയ്യുകയായിരുന്നു. പിന്നീട് നാടു വിട്ട മുഹമ്മദലി ഏഴോ എട്ടോ വർഷത്തിന് ശേഷമാണ് വീണ്ടും നാട്ടിൽ തിരിച്ചെത്തിയതെന്നും പൗലോസ് വ്യക്തമാക്കി.
പക്ഷേ, മുഹമ്മദലി പറയുന്ന സാഹചര്യങ്ങളും യഥാർഥ സംഭവങ്ങളും രണ്ടിടത്തും പൊരുത്തപ്പെട്ടു വരുന്നതാണ് പൊലീസിനെ കുഴക്കുന്നത്. കൊലപാതകങ്ങൾ ചെയ്തെന്ന് അവകാശപ്പെടുന്ന ആൾ മുന്നിലുണ്ടെങ്കിലും , കൊല്ലപ്പെട്ടവരെക്കുറിച്ച് കൊലപാതകിക്കോ, പോലീസിനോ ഒരു തുമ്പുമില്ലയെന്നതാണ് ഈ കേസിലെ ഏറ്റവും വിചിത്രമായ കാര്യം.