തെല്‍അവീവ് – ഇറാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ബോംബാക്രമണം നടത്തി മണിക്കൂറുകള്‍ക്ക് ശേഷം ഇറാന് ഇസ്രായിലിലേക്ക് മിസൈലുകള്‍ തൊടുത്തുവിട്ടതായി രാവിലെ 8.15 ന് സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായില്‍ ലക്ഷ്യമിട്ട് ഇറാന് 30 മിസൈലുകളാണ് തൊടുത്തുവിട്ടതെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. മിസൈല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സ്റ്റേറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്തു. ഇറാന് മിസൈല്‍ ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റതായി ഇസ്രായിലി ആംബുലന്‍സ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാനില്‍ നിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകളില്‍ ഒന്ന് ഹൈഫാ നഗരത്തില്‍ പതിച്ചു. ആക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് നല്കുന്ന സൈറണുകള്‍ വടക്കന്‍ ഇസ്രായിലി നഗരത്തില്‍ മുഴങ്ങിയിട്ടില്ലെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായിലി ഹോം ഫ്രണ്ട് കമാന്‍ഡ് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായിലിനെതിരായ ഏറ്റവും പുതിയ ആക്രമണത്തില്‍ ഇറാനില്‍ നിന്ന് 20 മുതല്‍ 30 വരെ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതായി ഇസ്രായില്‍ സൈന്യം കണക്കാക്കി. മധ്യ ഇസ്രായിലില്‍ നിരവധി സ്ഫോടനങ്ങള്‍ കേട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ ഏറ്റവും പുതിയ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായിലിലുടനീളം നാശനഷ്ടങ്ങള്‍ ഉണ്ടായതായി ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൈഫായില്‍ മിസൈല്‍ ആക്രമണം മൂലമുണ്ടായ വന്‍ സ്ഫോടനം വീഡിയോ ക്ലിപ്പില്‍ കാണിച്ചു. തെല്‍അവീവിലെ നാശനഷ്ടങ്ങള്‍ മറ്റ് വീഡിയോകളില്‍ കാണിച്ചു.
എല്ലാ വിമാനങ്ങള്‍ക്കും മുന്നില്‍ ഇസ്രായില്‍ വ്യോമാതിര്‍ത്തി അടച്ചിട്ടിരിക്കുകയാണെന്ന് ഇസ്രായില്‍ വിമാനത്താവള അതോറിറ്റി അറിയിച്ചു. ഈജിപ്തുമായും ജോര്ദാനുമായുമുള്ള കര അതിര്‍ത്തി പോസ്റ്റുകള്‍ തുറന്നിരിക്കുകയാണ്. ഇറാന്റെ ഏറ്റവും പുതിയ ആക്രമണത്തിന്റെ ഭീഷണി അവസാനിച്ചതായി സൂചിപ്പിക്കുന്ന നിലക്ക്, സംരക്ഷിത പ്രദേശങ്ങള്‍ വിട്ടുപോകാന്‍ ഇസ്രായില്‍ സൈന്യം പൗരന്മാരോട് ഉത്തരവിട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.