ന്യൂദൽഹി- പാക്കിസ്ഥാന് ഇന്ത്യയുടെ രഹസ്യവിവരങ്ങൾ ചോർത്തി നൽകിയതുമായി ബന്ധപ്പെട്ട് ട്രാവൽ യുറ്റ്യൂബർ അടക്കം ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിൽ നിന്നുള്ള ട്രാവൽ ബ്ലോഗർ ഉൾപ്പെടെ ആറ് പേരെയാണ് പാകിസ്ഥാൻ ഏജന്റുമാർക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചതിന് അറസ്റ്റ് ചെയ്തത്. ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽനിന്നുള്ളവരാണ് പിടിയിലായത്.
“ട്രാവൽ വിത്ത് ജോ” എന്ന യൂട്യൂബ് ചാനൽ നടത്തിയിരുന്ന ജ്യോതി മൽഹോത്രയാണ് അറസ്റ്റിലായ ഒരാൾ. കമ്മീഷൻ ഏജന്റുമാർ വഴി വിസ നേടിയ ശേഷം 2023 ൽ ഇവർ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. യാത്രയ്ക്കിടെ, ന്യൂദൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്യുന്ന ഡാനിഷ് എന്നറിയപ്പെടുന്ന ഇഹ്സാൻ റഹീമുമായി ഇവർ ശക്തമായ ബന്ധം വളർത്തിയെടുക്കുകയും ചെയ്തു. 2023 മെയിൽ ഡാനിഷിനെ പാക് ഹൈക്കമ്മീഷനിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ഇയാളെ തിരിച്ചെടുക്കുകയും ചെയ്തു. ജ്യോതിയെ നിരവധി പാകിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവുകൾക്ക് (പിഐഒ) ഡാനിഷ് പരിചയപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്.
വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ സോഷ്യൽ പ്ലാറ്റ്‌ഫോമുകളിലൂടെ, റാണ ഷഹബാസ് എന്നറിയപ്പെടുന്ന ഷാക്കിർ ഉൾപ്പെടെയുള്ള പ്രവർത്തകരുമായി ജ്യോതി ആശയവിനിമയം നടത്തിയതായും കണ്ടെത്തി. സോഷ്യൽ മീഡിയയിൽ പാകിസ്ഥാനെക്കുറിച്ച് അനുകൂലമായ ഒരു വീക്ഷണം പ്രചരിപ്പിക്കാൻ ജ്യോതിയെ ഉപയോഗിച്ചതായും റിപ്പോർട്ടുണ്ട്.
ജ്യോതിയെ കൂടാതെ, പഞ്ചാബിലെ മലേർകോട്‌ലയിൽ നിന്നുള്ള 32 വയസ്സുള്ള ഗുസാലയെയും പോലീസ് പിടികൂടി. വിധവയായ ഇവർ 2025 ഫെബ്രുവരി 27 ന് ഗുസാല ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ വിസ തേടി പോയിരുന്നു. അവിടെ വച്ച് ഡാനിഷിനെ കണ്ടുമുട്ടുകയും ബന്ധം സ്ഥാപിക്കുകയും ചെയ്തു. വിവാഹവാഗ്ദാനം നൽകി പ്രണയബന്ധം ആരംഭിച്ചുവെന്നും പോലീസ് പറയുന്നു. ടെലഗ്രാം ഗ്രൂപ്പ് വഴിയാണ് ഇവർ വിവരങ്ങൾ കൈമാറിയിരുന്നത്.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മറ്റ് വ്യക്തികളിൽ ഡാനിഷിനെ സാമ്പത്തിക ഇടപാടുകളിലും വിസ പ്രോസസ്സിംഗിലും സഹായിച്ചതായി ആരോപിക്കപ്പെടുന്ന മലേർകോട്‌ലയിൽ നിന്നുള്ള യമീൻ മുഹമ്മദ്, പാകിസ്ഥാനിലേക്കുള്ള യാത്രയ്ക്കിടെ റിക്രൂട്ട് ചെയ്യപ്പെടുകയും പിന്നീട് പട്യാല കന്റോൺമെന്റിന്റെ വീഡിയോകൾ അയയ്ക്കുകയും ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഹരിയാനയിലെ കൈത്തലിൽ നിന്നുള്ള സിഖ് വിദ്യാർത്ഥി ദേവീന്ദർ സിംഗ്, ധില്ലൺ, ഹരിയാനയിലെ നൂഹിൽ നിന്നുള്ള അർമാൻ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.